പെരിന്തൽമണ്ണ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ പർഗാനാസ് ബലിയാറ സ്വദേശി അതിവാർ ഷേഖ് (31), ഭർദ്വാൻ ജില്ലയിലെ ഫുൾഷാദ് ഷേഖ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാൾ, യു.പി, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ മുഖേന വലിയ അളവിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന പെരിന്തൽമണ്ണ നഗരത്തിലെ ഏജന്റുമാരിലെ പ്രധാന കണ്ണികളാണിവർ.
പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ശ്രീധരന്റെ നേതൃത്വത്തിൽ ആഴ്ചകൾ നീണ്ട അന്വേഷണത്തിൽ ആണ് തന്ത്രപരമായി പ്രതികളെ അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് ഇൻസ്പെക്ടർ പി. ഹരിദാസൻ, പ്രിവന്റീവ് ഓഫിസർ വി. കുഞ്ഞുമുഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അരുൺകുമാർ, വി. തേജസ്, കെ. അമിത്, ടി.കെ. രാജേഷ്, ഹബീബ്, വനിത സിവിൽ എക്സൈസ് ഓഫിസർ സി.എ. സജ്ന എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.