പൂക്കോട്ടുംപാടം: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ പൂക്കോട്ടുംപാടം അങ്ങാടിയിൽ റോഡിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നിലമ്പൂരിലേക്കുള്ള പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള കുഴികളാണ് അപകടക്കെണിയാവുന്നത്.
മഴ ശക്തമായതോടെ കുഴികളുടെ ആഴം കൂടി വെള്ളം കെട്ടിക്കിടക്കുകയാണ്. അശാസ്ത്രീയമായി അഴുക്കുചാലുകൾ നിർമിച്ചതിനാൽ വെള്ളം ഒഴുകിപോവാത്തതാണ് റോഡ് തകർന്ന് കുഴികൾ രൂപപ്പെടാനുള്ള പ്രധാന കാരണം. റോഡിലൂടെ ദുരിത യാത്ര തുടരുമ്പോഴും അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും പരാതികളേറെയാണ്.
അഴുക്കുചാൽ വൃത്തിയാക്കി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തയാറാവാതെ ഗ്രാമപഞ്ചായത്ത് ഓണാഘോഷം നടത്തുന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട്. റോഡ് നവീകരണപ്രവൃത്തി ആരംഭിക്കുന്നതുവരെ സുരക്ഷിത യാത്ര സാധ്യമാക്കാൻ അധികൃതർ താൽക്കാലിക സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
മലയോര പാത നിർമാണം നടക്കുന്ന പൂക്കോട്ടുംപാടം മുതൽ ആനന്ദ് നഗർ വരെയുള്ള റോഡിലൂടെയുള്ള യാത്രയും ഏറെ ദുഷ്കരമാണ്. ജലവിതരണ വകുപ്പ് കുഴലുകൾ സ്ഥാപിക്കാനായി എടുത്ത കുഴികളിലെ മണ്ണ് ഇളകി പോയതിനാൽ ഈ റോഡ് വഴിയുള്ള യാത്രയും ഏറെ പ്രയാസകരമാണ്.