
ലോഡ്ജില്‍ മോഷണം നടത്തിയ പ്രതിയെ മുള്ളമ്പാറയിലെ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു
മഞ്ചേരി: മുള്ളമ്പാറയിൽ ലോഡ്ജില്‍ മോഷണം നടത്തുകയും പിന്നീട് മറ്റൊരു കേസിൽ പിടിയിലാവുകയും ചെയ്ത പ്രതിയെ മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ വികാസ് കോളനിയില്‍ താനിക്കല്‍ സൈനുല്‍ ആബിദിനെയാണ് (31) ലോഡ്ജിലെത്തിച്ച് തെളിവെടുത്തത്.
കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മുള്ളമ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവായതോടെ നാട്ടുകാര്‍ സംഘടിച്ച് നടത്തിയ പരിശോധനയില്‍ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഈ തെളിവുകളെ ആസ്പദമാക്കി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്.
റിമാൻഡിലായ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് മഞ്ചേരി സി.ജെ.എം കോടതിയെ സമീപിക്കുകയായിരുന്നു. മുള്ളമ്പാറയില്നിന്ന് നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ പ്രതിയില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മഞ്ചേരി ബൈപാസ് റോഡിലെ തുണിക്കടയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് പ്രതി മോഷണം നടത്തിയത്. ഉന്നത ബിരുദധാരിയായ പ്രതി എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി അഡീഷനല്‍ എസ്.ഐ എം. അസൈനാര്‍, സീനിയര്‍ സിവിൽ ഓഫിസർമാരായ റിയാസ്, രതീഷ് ആനപ്പാന്‍ എന്നിവര്‍ നേതൃത്വം നൽകി.