പെരിന്തൽമണ്ണ: ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് സ്വർണം തട്ടിയ സംഭവത്തിൽ തുടനന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച റിമാൻഡ് ചെയ്ത പ്രതികളിൽ ഏഴു പേരെ ചൊവ്വാഴ്ച പൊലിസ് കസ്റ്റഡിയിൽ വാങ്ങി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കമുള്ളവരാണ് ഇവർ. വ്യാപാരിയെ മർദിച്ച് സ്വർണം തട്ടിയെടുത്തതിലും മറ്റും നേരിട്ട് പങ്കാളികളായ നാലു പേരടക്കം അഞ്ചു പ്രതികൾ കൂടി കേസിൽ അറസ്റ്റിലാവാനുണ്ട്.
മാത്രമല്ല കവർന്ന മൂന്നേകാൽ കിലോ സ്വർണത്തിൽ ഉരുക്കി വിറ്റത് അടക്കം 2.2 കിലോഗ്രാം മാത്രമാണ് കണ്ടെത്തിയത്. കസ്റ്റഡിയിൽ വാങ്ങിയവരെ വിശദമായി ചോദ്യം ചെയ്യുമ്പോൾ പ്രതികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ കെ.എം ജ്വല്ലറി നടത്തുന്നവരെ വീട്ടിലേക്ക് പോകുമ്പോൾ പട്ടാമ്പി റോഡിൽ കാർ വിലങ്ങിട്ട് വീഴ്ത്തി കൈവശം ഉണ്ടായിരുന്ന മൂന്നര കിലോ സ്വർണം കവർന്നത്. രണ്ടു ഘട്ടങ്ങളിലായി 13 പേരാണ് അറസ്റ്റിലായത്.