മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയെ റൂറൽ മെഡിക്കൽ കോളജ് ആക്കാനും ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ആശുപത്രി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ ആശുപത്രി എന്നതും ജില്ലയിലെ ജനസംഖ്യാനിരക്കും പരിഗണിച്ചാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിനെ സമീപിക്കുകയെന്നും എം.പി പറഞ്ഞു.
ഇതിനായി ഡോക്ടർമാരുടെ വിവരങ്ങൾ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് പ്രിൻസിപ്പലും സൂപ്രണ്ടും റിപ്പോർട്ട് നൽകണമെന്ന് എം.പി നിർദേശം നൽകി.
ജനറൽ ആശുപത്രി പ്രവർത്തനം നിർത്തുന്നതു സംബന്ധിച്ച ആശങ്ക, സാമ്പത്തിക പ്രതിസന്ധി, രാത്രികാല പോസ്റ്റ്മോർട്ടം, ജീവനക്കാരുടെ കുറവ്, ദ്വിഭരണ പ്രതിസന്ധി, വേട്ടേക്കോട് സ്ഥലമേറ്റെടുപ്പ് എന്നിവ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. നബാർഡ് ഫണ്ട് ഉപയോഗിച്ച് ഒ.പി ബ്ലോക്ക് നിർമിക്കാൻ അനുമതിയായിട്ടുണ്ടെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. ടി.പി. അഷ്റഫ് എം.പിയെ അറിയിച്ചു.
ഒ.പിയിൽ രോഗികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ 10 എ.സി വാങ്ങാനും എക്സ് റേയും സ്കാനിങ്ങും എടുക്കാൻ രോഗികളെ കൊണ്ടുപോകാൻ ബഗി കാർ വാങ്ങാനും ഫണ്ട് നൽകാമെന്ന് എം.പി ഉറപ്പുനൽകി.
രാത്രികാല പോസ്റ്റ്മോർട്ടം കാര്യക്ഷമമായി നടക്കുന്നില്ലെന്നും 25 ലക്ഷം അനുവദിച്ചിട്ടും പ്രയോജനം ഉണ്ടായില്ലെന്നും യു.എ. ലത്തീഫ് എം.എൽ.എ പറഞ്ഞു.
ഫോറൻസിക് വിഭാഗത്തിൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാണെന്നും എച്ച്.ഡി.എസിൽനിന്ന് ഫണ്ട് കണ്ടെത്തി ജീവനക്കാരെ നിയമിക്കണമെന്നും പ്രിൻസിപ്പൽ ഡോ.കെ.കെ. അനിൽരാജ് മറുപടി നൽകി. എന്നാൽ എച്ച്.ഡി.എസിൽനിന്ന് ഫണ്ട് ഉപയോഗിക്കുന്നത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ എടുക്കുന്നതിന് തടസ്സമുണ്ടെന്ന് സൂപ്രണ്ട് ഡോ.ഷീന ലാൽ അറിയിച്ചു.