മേലാറ്റൂർ: 70ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും ആലപ്പുഴ സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ജേതാക്കളായപ്പോൾ മലപ്പുറത്തിന് അഭിമാനമായി മേലാറ്റൂർ സ്വദേശിനി.
പാതിരിക്കോട് സ്വദേശിയായ ഗൗരിനന്ദ ഉൾപ്പെടുന്ന ടീം ദേവസ് വള്ളത്തിൽ തുഴയെറിഞ്ഞ് 05.41.44 മിനിറ്റിൽ ഒന്നാമതെത്തിയാണ് കപ്പ് നേടിയത്. കായലും വള്ളംകളിയും ഇല്ലാത്ത മേലാറ്റൂരിൽനിന്നും ഒരു പെൺകുട്ടി ആലപ്പുഴയിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലോത്സവമായ നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുത്ത് സുവർണ നേട്ടം കൊയ്തത് ജില്ലക്ക് തന്നെ അഭിമാനമായി. കഴിഞ്ഞ വർഷവും ഗൗരിനന്ദ ഉൾപ്പെട്ട സായി ടീം തന്നെയാണ് ഒന്നാം സ്ഥാനം നേടിയത്. ആലപ്പുഴ സായിയിൽ റോവിങ് വിഭാഗത്തിൽ 2022 മുതൽ പരിശീലനം നടത്തുന്ന ഗൗരിനന്ദ ദേശീയ തലത്തിൽ കേരളത്തിനായി സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം മലേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി രണ്ട് സ്വർണമെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസിൽ പ്ലസ്ടു വിദ്യാർഥിനിയായ ഗൗരിനന്ദ മേലാറ്റൂർ പാതിരിക്കോട് സ്വദേശി കണ്ടമംഗലത്ത് ശിവപ്രകാശ് -ദീപ്തി ദമ്പതികളുടെ മകളാണ്.