തിരൂർ: തൃത്തല്ലൂരിൽ പുറത്തൂർ ജി.എച്ച്.എസ് സ്കൂളിന് സമീപം കാർ ബസിലിടിച്ചു. സംഭവത്തിൽ വിദ്യാർഥികളുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട സമയത്തായിരുന്നു അപകടം. ബസിലിടിച്ച കാർ തൊട്ടടുത്ത വൈദ്യുതി തൂണും ഇടിച്ചു തകർത്തു. ചമ്രവട്ടത്ത് നിന്ന് കാവിലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസും കാറും. സ്കൂൾ സ്റ്റോപ്പിൽ നിന്ന് ബസിൽ കുട്ടികളെ കയറ്റുമ്പോഴാണ് പിറകിൽ വന്ന് കാറിടിച്ചത്.
കാർ ഡ്രൈവർ ഉറങ്ങിയതാണെന്ന് പറയുന്നു. വൈദ്യുതി തൂണിലിടിച്ച് കാർ നിന്നതിനാലാണ് വലിയ അപകടമൊഴിവായത്. നിറയെ കുട്ടികളുണ്ടായിരുന്ന സമയത്താണ് അപകടം. പരിക്കേറ്റവരെ ആലത്തിയൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി വൈഖരിയെ പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ രണ്ട് ബൈക്കുകൾക്കും കേടുപാടുണ്ട്. അപകടത്തെ തുടർന്ന് കാവിക്കാട്-ചമ്രവട്ടം റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.