തിരൂർ: ഒരു മണിക്കൂറിലേറെ നേരം വെള്ളത്തില്‍ നിശ്ചലനായി പൊങ്ങിക്കിടന്ന് ശ്രദ്ധേയനായി പതിനൊന്നുകാരന്. തൃപ്രങ്ങോട് ബീരാന്‍ചിറ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് ഹനീന് ആണ് മികച്ച പ്രകടനം കാഴ്ച വെച്ച് കൈയടി നേടിയത്. നീന്തല്‍പരിശീലനം തുടങ്ങി നാല് മാസത്തിനകമാണ് ഹനീന്റെ അഭ്യാസ പ്രകടനം.
ആലുങ്ങല്‍ അബ്ദുല്‍ഹക്കീമും മാതാവ് ചേന്നര പെരുന്തിരുത്തിയിലെ തൂമ്പില്‍ മുനീബയും ചേര്‍ന്ന് തിരുനാവായയിലെ കോള്‍ ഓഫില്‍ അവധിക്കാല വിനോദത്തിന്റെ ഭാഗമായാണ് ഹനീനെ നീന്തല്‍ പഠിക്കാന്‍ ചേര്‍ത്തത്. വെറും നീന്തല്‍ പഠനം മാത്രമായിരുന്നു ലക്ഷ്യം.
എന്നാല്‍, പരിശീലകന് താനൂര്‍ സ്വദേശി എന്‍.വി. നിസാര്‍ അഹമ്മദ് കുട്ടിയുടെ കഴിവ് കണ്ടെത്തുകയായിരുന്നു. ജലനിരപ്പില്‍ നിശ്ചലനായി കിടക്കുന്നതിനൊപ്പം നാല് യോഗാസന രീതികള്‍ ചെയ്യാനും ഹനീന് സാധിക്കും. സ്വിമ്മിങ് പൂളില്‍ മറ്റ് കൂട്ടുകാരെല്ലാം നീന്തിത്തുടിക്കുമ്പോള്‍ നിശ്ചലനായി കിടന്ന് വ്യത്യസ്തനാകുകയായിരുന്നു ഹനീന്.
ഇത് നിസാര്‍ അഹമ്മദ് ചൂണ്ടിക്കാണിച്ചതോടെയാണ് മകന്റെ കഴിവ് പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചത്. ഒരു മണിക്കൂറും 10 മിനിറ്റും ഹനീന് വെള്ളത്തിന് മുകളില്‍ നിശ്ചലനായി കിടന്നാണ് ഹനീൻ കൈയടി നേടിയത്. കടകശേരി ഐഡിയല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഹനീൻ ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് എക്സാം റാങ്ക് ഹോള്‍ഡറുമാണ്. യു.എ.ഇ തലത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. അനുജന് മുഹമ്മദ് ഹനൂനും നീന്തല്‍ പരിശീലനം നേടുന്നുണ്ട്.