പെരിന്തൽമണ്ണ: പിതാവും മകനും ദാരുണമായി മരണപ്പെട്ട ആലിപ്പറമ്പ് പാറക്കണ്ണിയിലെ ദുരന്തത്തിൽ ഞെട്ടൽ മാറാതെ ഗ്രാമം. പഞ്ചായത്തിലെ മികച്ച കർഷകനാണ് മരിച്ച കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (52). കൃഷിയെ നെഞ്ചേറ്റിയ അഷ്റഫിന് മാതൃക കർഷകനെന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്. ആലിപ്പറമ്പ് പാറക്കണ്ണിയിൽ താമസിക്കുന്ന വീടിനു പിൻവശം വയലിലാണ് ചേനക്കൃഷി. കൃഷി വകുപ്പിന്റെ കണക്കിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചേന വിളയിക്കുന്ന പഞ്ചായത്താണ് ആലിപ്പറമ്പ്. വിളവിന് പാകമാവും മുമ്പേ കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കാനാണ് വൈദ്യുതി വേലി തീർത്തത്. ഇതിൽ വൈദ്യുതി വിച്ഛേദിച്ചെന്ന ധാരണയിലാവും അഷ്റഫ് കൃഷിയിടത്തിൽ എത്തിയിരിക്കുകയെന്നാണ് കരുതുന്നത്.
പാരമ്പര്യമായി കൃഷിയെ സ്നേഹിക്കുന്നയാളാണ് മുഹമ്മദ് അഷ്റഫെന്നും പഞ്ചായത്തിലെ മികച്ച രണ്ട് ചേന കർഷകരിൽ ഒരാളാണ് അദ്ദേഹമെന്നും കൃഷി ഓഫിസർ റജീന പറഞ്ഞു. ആലിപ്പറമ്പ്, പാറക്കണ്ണി ഭാഗത്തെ ഭൂരിഭാഗം ചേനക്കൃഷിയും അഷറ്ഫിന്റെതാണ്. താഴേക്കോട്, അമ്മിനിക്കാട് എന്നിവിടങ്ങളിലും കൃഷിയുണ്ട്. കർഷകർക്കായി നടക്കുന്ന ശിൽപശാലകളിലും പരിശീലന പരിപാടികളിലും പഞ്ചായത്തിൽനിന്ന് കൃഷി വകുപ്പ് തിരഞ്ഞെടുത്ത് അയക്കാറുള്ളതിലൊരാൾ മുഹമ്മദ് അഷ്റഫാണ്.
പഞ്ചായത്തിൽ കർഷകരുടെ വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കാനും കഴിയാറുണ്ട്. വൈദ്യുതി വേലിക്ക് സോളാർ വേലികളാണ് കൃഷി വകുപ്പ് പ്രോത്സാഹിപ്പിക്കാറ്. കൃഷി വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട്. വൈദ്യുതി ഉപയോഗിച്ചുള്ള വേലികൾ പ്രോത്സാഹിപ്പിക്കാറില്ലെന്നും കൃഷി ഓഫിസർ പറഞ്ഞു. വൈദ്യുതി ഉപയോഗിച്ചുള്ള പ്രതിരോധം വൈദ്യുതി വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്താറാണ് ചെയ്യാറ്.
പെരിന്തൽമണ്ണ ഒടമല പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് എന്ന മാനു (42) ഷോക്കേറ്റ് മരിച്ചത് അയൽവീട്ടിലെ പ്ലാവിൽ ചക്കപറിക്കുമ്പോൾ ഇരുമ്പുതോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയാണ്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഉടനെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെക്കാലം പ്രവാസജീവിതം നയിച്ച് തിരിച്ചെത്തിയ കുഞ്ഞിമുഹമ്മദ് നാട്ടിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു. ഒരേദിവസം രണ്ടു സംഭവങ്ങളിൽ മൂന്നുപേരുടെ മരണം നാടിനെ അക്ഷരാർഥത്തിൽ നടുക്കി.
കൃഷിയിടത്തിൽ തിരഞ്ഞെത്തിയത് കല്യാണത്തിന് പോവാൻ
കൃഷിയിടത്തിലേക്ക് പോയ പിതാവ് തിരിച്ചെത്താതായതോടെ മക്കൾ തിരഞ്ഞെത്തിയത് രണ്ടാം തവണയെന്ന് പരിസരവാസി. പാടവും പറമ്പുമുള്ളയാളാണ് മുഹമ്മദ് അഷ്റഫ്. പള്ളിക്കുന്നിൽ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വിവാഹസൽക്കാരമുണ്ടാരുന്നു. അതിൽ പങ്കെടുക്കാൻ പോവാൻ എത്താതായതോടെയാണ് കൃഷിയിടത്തിൽ തിരഞ്ഞെത്തിയത്. ആദ്യം ചേനപ്പാടത്തിൽ വന്ന് പിതാവിനെ തിരഞ്ഞെങ്കിലും കാണാതെ പാറക്കണ്ണി നിസ്കാരപ്പള്ളിക്കടുത്തും മറ്റുമുള്ള കൃഷിയിടങ്ങളിൽ തിരഞ്ഞ ശേഷം രണ്ടാമത് ഒന്നുകൂടി ചേനപ്പാടത്ത് എത്തിയപ്പോഴാണ് കൈക്കോട്ടുകൊണ്ട് കിളച്ച് നിർത്തിയ രൂപത്തിൽ പിതാവ് കിടക്കുന്നത് കണ്ടത്.
മക്കളായ മുഹമ്മദ് അമീനും മുഹ്സിനയുമാണ് തേടി എത്തിയത്. മുഹമ്മദ് അഷ്റഫിനെ കണ്ടപാടെ പിടിച്ച മകനും ഷോക്കേൽക്കുകയായിരുന്നു. പിന്നീട് മുഹ്സിന ബഹളം കൂട്ടിയാണ് മറ്റുള്ളവരെത്തിയത്. വിവരമറിഞ്ഞ് ഉച്ചക്ക് മൂന്നോടെ നാട്ടുകാർ നിരവധിപേർ പെരിന്തൽമണ്ണയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തി. ഇൻക്വസ്റ്റ് നടപടികൾ വൈകീട്ട് ഏഴോടെ പൂർത്തിയാക്കി മൃതദേഹങ്ങൾ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം പാറക്കണ്ണയിൽ മഹമ്മദ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും.