മലപ്പുറം: നിപ ബാധിച്ച് 14കാരൻ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവിൽ പുറത്തുവന്ന പരിശോധന ഫലങ്ങൾ നെഗറ്റിവ് ആയതോടെ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത തുടരണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ 307 വീടുകളില്‍ സർവേ നടത്തിയതില്‍ 18 പനിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആനക്കയത്ത് 310 വീടുകളില്‍ സർവേയില്‍ 10 പനിക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഇവരാരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താനും ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പിന്തുണ ഉറപ്പാക്കാനുമായി പാണ്ടിക്കാട്, ആനക്കയം, പോരൂര്‍, കീഴാറ്റൂര്‍, തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും പെരിന്തല്‍മണ്ണ, മഞ്ചേരി നഗരസഭ അധ്യക്ഷരുടെയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, സ്വകാര്യ ആശുപത്രി മാനേജ്മെന്റ് എന്നിവരുടെ യോഗം ചേര്‍ന്ന് നിപ പ്രതിരോധനത്തില്‍ ഇവരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഐസൊലേഷന്‍ കഴിയുന്നവരുടെ വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പാക്കി.
നൊമ്പരപ്പെടുത്തി മടക്കം
പാണ്ടിക്കാട്: ചെമ്പ്രശ്ശേരിയിൽ നിപ ബാധിച്ച് മരിച്ച പതിനാലുകാരന് ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം. സുരക്ഷ മാനദണ്ഡങ്ങളോടെയായിരുന്നു ഖബറടക്കം.
സമയം 6.50 pm
കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്ന പാണ്ടിക്കാട് ടൗണിലൂടെ പൊലീസ് അകമ്പടിയിൽ ആംബുലൻസ് കടന്നുവന്നു. വണ്ടൂർ റോഡിലെ മരാട്ടപ്പടിയിൽനിന്ന് ചെമ്പ്രശ്ശേരി റോഡിലേക്ക് തിരിച്ച ആംബുലൻസിനെ അടഞ്ഞുകിടക്കുന്ന വീടിന്റെ ജനാലയിലൂടെ ആളുകൾ എത്തിനോക്കി. റോഡിനിരുവശവും മരങ്ങൾ നിറഞ്ഞ ആ ചെറിയ റോഡിലൂടെ വാഹനം പതിയെ നീങ്ങി. ആ ചെറിയ മലയോര ദേശത്ത് നാൽക്കവലകളും അങ്ങാടികളും ഒഴിഞ്ഞുകിടന്നു. സന്ധ്യാസമയത്തെ നുറുങ്ങു വെട്ടത്തിൽ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്നവർ പോലും മാസ്ക് ധരിച്ചിരുന്നു.
7.12 pm
ഒടോമ്പറ്റ പള്ളിയുടെ മുൻഭാഗത്ത് ആംബുലൻസ് നിന്നു. വെള്ളപുതച്ച 14 കാരന്റെ മൃതദേഹം പി.പി.ഇ കിറ്റ് ധാരികളായ നാലുപേർ പള്ളിപ്പറമ്പിലേക്ക് എടുത്തു.
7.15 pm
പള്ളിപ്പറമ്പിൽ വെച്ച മൃതദേഹത്തിനടുത്തേക്ക് പി.പി.ഇ കിറ്റ് ധാരികളായ കുറച്ചുപേർ കടന്നുവന്നു. മയ്യിത്ത് നമസ്കാരത്തിന് വല്ല്യുപ്പ അബ്ദുൽ ഖാദർ സ്വലാഹി നേതൃത്വം നൽകി.
7.25 pm
മയ്യിത്ത് നമസ്കാരം പൂർത്തിയായ ശേഷം ട്രോമാകെയർ, വൈറ്റ് ഗാർഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഖബറടക്കം ആരംഭിച്ചു.
7.55 pm
അര മണിക്കൂറോളമെടുത്ത് വളൻറിയർമാരും ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ഖബറടക്ക നടപടികൾ പൂർത്തിയാക്കി.
ചികിത്സക്ക് എല്ലാ മുൻകരുതലും എടുത്തിരുന്നെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ
പെരിന്തൽമണ്ണ: നിപ സ്ഥിരീകരിച്ചശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 14കാരനെ എല്ലാവിധ മുൻകരുതലോടും കൂടിയാണ് നേരത്തെ ചികിത്സിച്ചതെന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർ ദീപു അറിയിച്ചു.
രോഗിയെ സ്വീകരിച്ച പീഡിയാട്രിക് റെസിഡന്റ് ഡോക്ടർ മാസ്കും ഗ്ലൗസും ധരിച്ചാണ് നോക്കിയത്. താൻതന്നെ നേരിട്ടാണ് ജീവനക്കാരുടെ സഹായത്തോടെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. പീഡിയാട്രിക് ഐ.സി.യുവിൽ സ്വീകരിക്കുമ്പോഴും പരിചരിക്കുമ്പോളും എല്ലാവരും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചിരുന്നു.
കുട്ടി പനി തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് കുളത്തിൽ കുളിച്ചതിനാൽ വൈറൽ മസ്തിഷ്ക ജ്വരവും അമീബിക് മസ്തിഷ്ക ജ്വരവും സംശയിച്ചു. എം.ആർ.ഐയിൽ മസ്തിഷ്ക ജ്വരങ്ങളിൽ കാണുന്ന മാറ്റം മാത്രമേ ഉണ്ടായിരുന്നുള്ളു. പരിശോധനയിൽ അമീബിക് എൻസഫലൈറ്റിസിന്റെ ലക്ഷണങ്ങൾ കണ്ടില്ല. രക്തപരിശോധനയിൽ ചെള്ള് പനിയുടെയും ഡെങ്കിപ്പനിയുടെയും ലക്ഷണം ഉണ്ടായിരുന്നു.
ഡെങ്കിപ്പനി ടെസ്റ്റ് രണ്ട് തവണ നെഗറ്റിവ് ആയി. ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസ് എന്ന അസുഖ ലക്ഷണത്തിനും ചികിത്സ തുടർന്നു. കോഴിക്കോട് വൈറോളജി ലാബ് റിപ്പോർട്ട് നെഗറ്റിവാവുകയും ബുധനാഴ്ചയിലെ എം.ആർ.ഐയിൽ സ്ഥിതി മോശമായി വരികയും ചെയ്തതോടെ നിപ പോലെ അത്യപൂർവ വൈറസ് ആവാമെന്ന സംശയമുണ്ടായി.
പുണെ വൈറോളജി ലാബിൽ ബന്ധപ്പെട്ട്, മലപ്പുറം ഡി.എം.ഒ ഓഫിസിൽ വിവരം അറിയിച്ചു. സാമ്പിൾ പുണെയിലേക്ക് വ്യാഴാഴ്ച അയച്ച ശേഷമാണ് കോഴിക്കോട്ടേക്ക് റഫർ ചെയ്തത്. ചികിത്സ തേടിയിട്ടുള്ളവരോ തന്നെ കാണിച്ചിട്ടുള്ളവരോ യാതൊരു രീതിയിലും ഭയപ്പെടേണ്ടതില്ല. ആ കുട്ടി ഐ.സി.യുവിൽ ചികിത്സയിൽ ആയിരുന്നെന്നും മറ്റു ബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഡോ. ദീപു അറിയിച്ചു.
എന്താണ് നിപ? എന്തെല്ലാം ശ്രദ്ധിക്കണം
ചില പ്രത്യേക തരം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ആർ.എൻ.എ വൈറസ് ആണ് നിപ. 1999ൽ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നി വളർത്തുകാരിലായിരുന്നു ആദ്യ വൈറസ് ബാധ.
നിപ വൈറസ് ശരീരത്തിലെത്തിയ എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല. ആളുടെ പ്രതിരോധശേഷി, വൈറസിന്റെ അളവ് എന്നിവ അനുസരിച്ചായിരിക്കും രോഗബാധ. പനി, ചുമ, ഛർദ്ദി, ക്ഷീണം, തലവേദന, ശരീരവേദന, വയറുവേദന, ബോധക്ഷയം, കാഴ്ച മങ്ങൽ എന്നിവയാണ് ലക്ഷണങ്ങൾ.
പകരുന്നതെങ്ങനെ
- വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരും
- മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും പകരും
- വവ്വാൽ കടിച്ച പഴങ്ങളും വവ്വാലുകളുടെ കാഷ്ഠം കലർന്ന വെള്ളവും രോഗം വരുത്തും
എങ്ങനെ പ്രതിരോധിക്കാം?
- മാസ്ക് ഉപയോഗിക്കുക
- കൈകൾ നന്നായി സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
- പക്ഷികളോ മൃഗങ്ങളോ കടിച്ച പഴങ്ങൾ പൂർണമായി ഒഴിവാക്കുക
- തിളപ്പിച്ചാറിയ വെള്ളവും ചൂടുള്ള ഭക്ഷണവും മാത്രം കഴിക്കുക
- കിണറുകളിലും ടാങ്കുകളിലും വല സ്ഥാപിക്കുക