വെളിയങ്കോട്: നികുതിനിഷേധ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പണ്ഡിതനും സൂഫീവര്യനും അറബി കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ വെളിയങ്കോട് ഉമർ ഖാദിയുടെ അറബി കവിതകളും ജീവിതചരിത്രവും പുസ്തകമാകുന്നു. ‘ഉമര്‍ ഖാദി: ആധുനിക അറബ് കവിതയുടെ നവോത്ഥാന നായകൻ’ എന്ന ശീർഷകത്തിലുള്ള ഗ്രന്ഥം സിറിയയിലെ ദാറുല്‍ മുഖ്തബസാണ് പ്രസിദ്ധീകരിക്കുന്നത്.
ഡോ. അസ്ലഹി അലി അക്ബര്‍ ഹുദവിയാണ് ഗ്രന്ഥരചന നടത്തിയത്. വിവിധ വിഷയങ്ങളിലായി ഗ്രന്ഥങ്ങളും അറബ് കവിതകളും രചിച്ച ഉമർ ഖാദി, മുഹമ്മദ് നബിയെ പ്രകീർത്തിക്കുന്ന കവിതകളും ഇമാം ഇബ്നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫ ആധാരമാക്കി മഖാസിദുന്നികാഹ് ഉൾപ്പെടെ ധാരാളം കവിതകളും എഴുതിയിട്ടുണ്ട്. മഹാത്മാ ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ശാസ്ത്രീയമായി ആരംഭിക്കുന്നതിന് ദശകങ്ങള്‍ക്കുമുമ്പ് ബ്രിട്ടീഷ് സർക്കാറിനോട് ഭൂമിക്ക് നികുതി നൽകില്ലെന്ന് പ്രഖ്യാപിച്ച് നികുതിനിഷേധ പ്രസ്ഥാനത്തിലൂടെ ശ്രദ്ധേയനായ സമരനേതാവുകൂടിയാണ് ഉമർ ഖാദി.
മൂന്നു ഭാഗങ്ങളായി എഴുതപ്പെട്ട ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം പതിനെട്ടാം നൂറ്റാണ്ടിലെ മുസ്ലിം നേതൃത്വത്തെയും പണ്ഡിതരെയും അവരുടെ ചിന്തകളും മുന്നേറ്റവും വിശദീകരിക്കുന്നതോടൊപ്പം കോഴിക്കോട് ഖാദിമാർ, ബാലവീ സയ്യിദന്മാർ, മലബാർ പണ്ഡിതർ എന്നീ മൂന്നു തലങ്ങളിലൂടെ മതരാഷ്ട്രീയശ്രേണികളെ വിവരിക്കുന്നു. രണ്ടാം ഭാഗത്തിൽ ഉമർ ഖാദിയുടെ ജീവിതസാഹചര്യവും പഠനവും അധ്യാപകരെയും ആധ്യാത്മിക രംഗത്തെ പണ്ഡിത നേതൃത്വത്തെയും വിശദമായി ചർച്ചചെയ്യുന്നു. മൂന്നാം ഭാഗത്തിൽ സാഹിത്യസൃഷ്ടികൾ വിശകലനം ചെയ്യുന്നതോടൊപ്പം എല്ലാ കവിതകളും വിശാലമായി വിവരിക്കുകയും ചെയ്യുന്നു. കേരളത്തിലെ അറബ് കവികളില്‍ പ്രസിദ്ധനായ ഉമർ ഖാദിയെ സംബന്ധിച്ച് അറബ് ഭാഷയിൽ എഴുതപ്പെടുന്ന ആദ്യത്തെ ഗ്രന്ഥമാണ് ഇതെന്ന ഖ്യാതിയുമുണ്ട്.
1765ല്‍ പൊന്നാനി താലൂക്കിലെ വെളിയങ്കോട് എന്ന പ്രദേശത്ത് താനൂർ അലി മുസ്ലിയാരുടെയും കാക്കത്തറയിൽ ആമിനുവിന്റെയും മകനായി ജനിച്ച ഉമര്‍ ഖാദി പൊന്നാനി, താനൂർ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് മതവിദ്യ കരസ്ഥമാക്കിയത്.