കോട്ടക്കൽ: മഴക്കെടുതിക്ക് പിന്നാലെ സംരക്ഷണഭിത്തി തകരുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെ ഭീതിയിൽ കഴിയുന്ന കുടുംബത്തിന് സഹായമൊരുക്കാൻ പെരുമണ്ണ ഗ്രാമപഞ്ചായത്ത്. കഞ്ഞിക്കുഴങ്ങര ഇല്ലത്തുപടിക്കൽ സുബ്രഹ്മണ്യനും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്. ഭീതിയിൽ കഴിയുന്ന ഇവരുടെ വാർത്ത ‘മാധ്യമം’ നൽകിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ, സ്ഥിരം സമിതി അധ്യക്ഷനും വാർഡംഗവും കൂടിയായ മുസ്തഫ കളത്തിങ്ങൽ, എക്സിക്യൂട്ടിവ് എൻജിനീയർ മഞ്ജു എന്നിവർ വീട് സന്ദർശിച്ചു. അടിയന്തരമായി ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റാനാണ് തീരുമാനം. സമീപത്തായി നിർമാണം പൂർത്തിയായ ബന്ധുവീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. സ്വന്തം ചെലവിൽ താൽക്കാലിക സംവിധാനങ്ങൾ നൽകാനാണ് തീരുമാനമെന്ന് വാർഡംഗം മുസ്തഫ അറിയിച്ചു. ജില്ല പഞ്ചായത്തിന്റെ ഫണ്ട് എത്രയും പെട്ടെന്ന് വകയിരുത്തി സംരക്ഷണഭിത്തി നിർമിക്കും. 20 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫണ്ട് ലഭിക്കാൻ നടപടികൾ ആരംഭിച്ചതായി പ്രസിഡന്റ് ഷംസു പുതുമ പറഞ്ഞു. ലഭ്യമായില്ലെങ്കിൽ പഞ്ചായത്തിന്റെ തനതു ഫണ്ട് വഴി സംവിധാനമൊരുക്കാനാണ് തീരുമാനം.
വീട്ടുകാരുമായി പഞ്ചായത്ത് അധികൃതർ സംസാരിച്ചു. സമീപവാസിയായ ചേൻവീട്ടുപ്പറമ്പിൽ സാദത്തിന്റെ വീടിനോട് ചേർന്ന് പതിച്ച കല്ലും മണ്ണും ഉടൻ നീക്കം ചെയ്യും. ഇവരും ആശങ്കയിലാണ് കഴിയുന്നത്. ഇല്ലത്തുപടിക്കൽ കുഞ്ഞയ്യപ്പന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയും അടർന്ന വീണ നിലയിലാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കരിങ്കൽ ഭിത്തി രണ്ടാഴ്ച മുമ്പാണ് തകർന്ന് വീണത്. തകർന്ന അടുക്കളയോട് ചേർന്ന വീടിന്റെ പിറകുഭാഗം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. അടുക്കളയിൽ ടാർപോളിൻ കൊണ്ട് മറച്ച ഭാഗത്താണ് കുടുംബം ഭക്ഷണം പാകം ചെയ്യുന്നത്. സുബ്രഹ്മണ്യനും ഭാര്യ രുഗ്മിണിക്കുമൊപ്പം സഹോദരിയും നവജാതശിശു അടക്കം രണ്ടു കുട്ടികളുമാണ് ഇവിടെ കഴിയുന്നത്. വില്ലേജ്, പഞ്ചായത്ത് അധികൃതർ നേരത്തെ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹാരമായിരുന്നില്ല. മഴ തുടർന്നതോടെ ഭീതിയിലാണ് മൂന്നു വീട്ടുകാരും.