മലപ്പുറം: ഉപഭോക്താക്കളുടെ പേരിൽ, അവരറിയാതെ കൂട്ടത്തോടെ സിം കാർഡുകളെടുത്ത് കൈമാറുന്ന യുവാവ് മലപ്പുറം സൈബർ പൊലീസിന്റെ പിടിയിലായി.
വിവിധ മൊബൈൽ സേവന ദാതാക്കളുടെ സെയിൽസ് എക്സിക്യൂട്ടിവായ കൊണ്ടോട്ടി ഒളവട്ടൂര്‍ മായക്കര പാറച്ചാലില്‍ അബ്ദുല്‍ ഷമീറിനെ (34) ആണ് മലപ്പുറം സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1500ഓളം സിം കാർഡുകളും 1000ത്തിലധികം സിം കാർഡ് കവറുകളും കമീഷനായി ലഭിച്ച 1,72000 രൂപയും കണ്ടെടുത്തു.
2023 നവംബറിൽ മലപ്പുറം ജില്ലയിൽ ബി.എസ്.എൻ.എല്ലിന്റെ 180ഓളം സിം കാർഡുകൾ ഒന്നിച്ച് ആക്ടീവായെന്നും പിന്നീട് ഇവ ഡീ-ആക്ടിവേറ്റാക്കി, മറ്റു സേവനദാതാക്കളിലേക്ക് പോർട്ട് ചെയ്തെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. പോർട്ട് ചെയ്ത നമ്പറുകളിലുള്ള സിം കാർഡുടമകളുടെ മേൽവിലാസം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരാരും ഇത്തരത്തിൽ ബി.എസ്.എൻ.എൽ സിം കാർഡ് എടുത്തിട്ടില്ലെന്നും ഈ മാസങ്ങളിൽ മറ്റു കമ്പനികളുടെ സിം കാർഡ് ഇവർ എടുത്തിരുന്നതായും ബോധ്യമായി.
ഒരേ ദിവസംതന്നെ വിവിധ പ്രൊവൈഡർമാരുടെ സിം കാർഡ് ഒരാളുടെ പേരിൽത്തന്നെ ആക്ടീവായതായും കണ്ടെത്തി. ഉപഭോക്താക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ ഷമീറിനെ അറസ്റ്റ് ചെയ്തത്.