കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കുടുംബങ്ങൾക്ക് ഒടുവിൽ വീട് വെക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചു. ഐ.ടി.ഡി.പി മുഖേനെയാണ് ഗീതക്കും സരോജിനിക്കും വീട് നിർമാണത്തിനുള്ള ഫണ്ട് വീണ്ടും അനുവദിച്ചത്. വനം വകുപ്പ് വീട് നിർമാണത്തിന് സമ്മതപത്രം നൽകി ഒരുവർഷമായതിന് ശേഷമാണ് ഫണ്ട് അനുവദിച്ചത്.
ചിങ്കക്കല്ലിലെ ആദിവാസികളായ ഗീതക്കും കുടുംബത്തിനും സരോജിനിക്കുമാണ് ആറ് ലക്ഷം രൂപ വീതം അനുവദിച്ചത്. 90,000 രൂപ വീതം ഇവർ ഒന്നാം ഗഡു വാങ്ങി തറ നിർമിച്ചിരുന്നു. ഇതിന് ശേഷമാണ് വനം വകുപ്പ് തടസ്സവാദങ്ങളുമായി രംഗത്ത് വന്നത്. തുടർന്ന് വീട് പണി മുടങ്ങുകയായിരുന്നു. പിന്നീട് പത്ത് വർഷമായി ഇവർ വീടിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. എൻ.സി.പി നേതൃത്വം ഇടപെട്ട് വനം വകുപ്പിന്റെ കുരുക്കഴിക്കുകയും 2023 ജൂലൈ ആറിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നെടുങ്കയത്ത് വെച്ച് സമ്മതപത്ര കൈമാറുകയും ചെയ്തത്.
വീട് പണി പുനരാരംഭിക്കാൻ ബാങ്കിനെ സമീപിച്ചപ്പോഴാണ് ഇവരുടെ പണം ഐ.ടി.ഡി.പി തിരിച്ചെടുത്തതായി അറിഞ്ഞത്. പിന്നീടിങ്ങോട്ട് ഒരു വർഷമായി ആദിവാസികൾ വീട് പണി തുടങ്ങാൻ വീണ്ടും വനം മന്ത്രി മുഖേനെ എൻ.സി.പി കാളികാവ് മണ്ഡലം കമ്മിറ്റിയും ജില്ല നേതൃത്വവും ഇടപെട്ടു. മാധ്യമ പ്രവർത്തകരും നിരന്തരം വാർത്തകൾ ചെയ്തതോടൊപ്പം ഐ.ടി.ഡി.പി വകുപ്പ് തലത്തിലും ഇടപെടൽ നടത്തിവന്നു.
വണ്ടൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിലും പരാതി നൽകിയിരുന്നു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ഐ.ടി.ഡി.പി വകുപ്പ് മുഖേനെ വീണ്ടും ഫണ്ട് അനുവദിച്ചത്. ഐ.ടി.ഡി.പി എൻജിനീയർ ഗീതയുടേയും സരോജിനിയുടേയും വീടിന്റെ തറ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ഇവർക്ക് വീട് പണി തുടങ്ങാനാകും. അഞ്ച് ലക്ഷത്തി പതിനായിരം രൂപ വീതമാണ് ഇവർക്ക് അനുവദിച്ചിട്ടുള്ളത്. ഗീതയുടെ സഹോദരൻ ശങ്കരനും വീട് നിർമിക്കാൻ നേരത്തെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.