കൊളത്തൂർ: അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ 97 ലക്ഷം രൂപ ചിലവിൽ അറ്റകുറ്റപ്പണി നടത്തിയ റോഡ് മാസങ്ങൾക്കകം തകർന്നു. പാലച്ചോട് മുതൽ വെങ്ങാട് എടയൂർ ജങ്ഷൻ വരെ മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളാണ് വീണ്ടും തകർന്നത്.
ഇതിൽ റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് മഞ്ഞളാംകുഴി അലി എം.എൽ.എ കുഴിയടക്കൽ സമരത്തിന് തുടക്കം കുറിച്ച് വെങ്ങാട് -എടയൂർ ജങ്ഷനിലാണ് റോഡ് പാടെ തകർന്ന് ഗതാഗതം ദുസ്സഹമായത്. മഴയിൽ റോഡിലെ കുഴികളിൽ കെട്ടിനിൽക്കുന്ന വെള്ളം രാത്രി സമയത്ത് പലപ്പോഴും കാണാൻ സാധിക്കാറില്ല.
അതിനാൽതന്നെ ഇത്തരം കുഴികളിൽ വാഹനങ്ങൾ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാണ്.
ദിവസങ്ങൾക്ക് മുമ്പ് സ്ത്രീ യാത്ര ചെയ്തിരുന്ന കാർ കുഴിയിൽ കുടുങ്ങി ഗതാഗത തടസ്സവുമുണ്ടായിരുന്നു. ഓണപ്പുട മുതൽ വെങ്ങാട് ഗോകുലം വരെ യാത്ര ഏറെ ദുസ്സഹമാണ്. ഇപ്പോൾ തകർന്ന ഭാഗങ്ങളിൽ അധികവും അറ്റക്കുറ്റപണിയുടെ സമയത്ത് മൂടാതെ പോയ ഭാഗങ്ങളാണ്. പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെ പാടെ തകർന്ന എട്ട് കിലോമീറ്റർ റോഡ് നവീകരണത്തിന് മാർച്ചിൽ 12 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരികയും പ്രവൃത്തി മാറ്റി വെക്കുകയുമായിരുന്നു.
നവീകരണത്തിന് കാലതാമസം നേരിടുമെന്നതിനാൽ മേയ് 10ന് പാലച്ചോട്ടുനിന്ന് റോഡിന്റെ അറ്റകുറ്റപ്പണിക്ക് തുടങ്ങുകയായിരുന്നു.
ഇതിന് 97 ലക്ഷം രൂപ വകയിരുത്തിയതായും പറയപ്പെട്ടിരുന്നു. പാലച്ചോട് മുതൽ ചെറിയ തോതിൽ തകർന്ന ഭാഗങ്ങളിൽ കുഴികൾ അടക്കുമെന്നും പാടെ തകർന്ന വെങ്ങാട് ഗോകുലം വരെയുള്ള ഭാഗങ്ങളിൽ ടാറിങ് നടത്തുമെന്നുമാണ് പറഞ്ഞിരുന്നത്. എങ്കിലും കൊളത്തൂർ അമ്പലപ്പടി മുതൽ വെങ്ങാട്-എടയൂർ ജങ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അട്ടിക്കല്ല് നിരത്തി കുഴിയടക്കൽ പ്രവൃത്തി നടത്തിയതാണ് റോഡ് തകർച്ചക്ക് കാരണമായത്.