തിരുനാവായ: പുത്തനത്താണി-റോഡിൽ എടക്കുളത്ത് റെയിൽവേ പാളത്തിന് മുകളിൽ നിർമിച്ച ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾക്കിപ്പോൾ ചാടിച്ചാടി പോകേണ്ട ഗതികേട്. തിരുനാവായക്കാരുടെ ചിരകാലസ്വപ്നമായിരുന്ന എടക്കുളം റെയിൽവേ ഓവർ ബ്രിഡ്ജ് ഗതാഗത യോഗ്യമായിട്ട് 10 വർഷം പൂർത്തിയാകുന്നു.
2011ൽ നിർമാണം തുടങ്ങിയ പാലം 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നാടിനു സമർപ്പിച്ചത്. 19.60 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന് 538 മീറ്റർ നീളവും 8.5 മീറ്റർ വീതിയും 28 സ്പാനുകളും ഉണ്ട്. ഓരോ സ്പാനുകളും തമ്മിലുള്ള എക്സ്പാൻഷൻ ജോയിൻ വിടവുകൾ ടാർ ചെയ്തത് കാലപ്പഴക്കം കാരണം ഇല്ലാതായിട്ടുണ്ട്. ഇതുകാരണം ഇതു വഴി വേഗത്തിൽ പോകുന്ന വാഹനങ്ങൾ ചാടിച്ചാടി പോകേണ്ട അവസ്ഥയാണ്. രോഗികളുമായും മറ്റും വേഗത്തിൽ പോകേണ്ട വാഹനങ്ങൾ ഏറെ പ്രയാസത്തിലാണ്.
ദേശീയപാത വഴി പോകുന്ന ചെറുതും വലുതുമായ വാഹനങ്ങൾ തിരക്ക് ഒഴിവാക്കാൻ മിക്കപ്പോഴും ഇതുവഴിയാണ് പോകുന്നത്. ഇപ്പോഴും ടോൾ പിരിവ് തുടരുന്ന ഇവിടെ യാത്രക്കാർ നേരിടുന്ന ഈ പ്രയാസം എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.