തിരൂർ: കുവൈത്ത് ദുരന്തത്തിൽ ജീവൻ നഷ്ടമായ കൂട്ടായി കോതപ്പറമ്പ് കുപ്പെൻറ പുരക്കൽ നൂഹിന് കണ്ണീരിൽ കുതിർന്ന വിടയേകി നാട്. വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ കോതപ്പറമ്പിലെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കുകാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും പ്രദേശവാസികളും കണ്ണീരടക്കാൻ പാടുപെട്ടു. ഡോ. എം.പി അബ്ദുസമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുറുക്കോളി മൊയ്തീന് എം.എൽ.എ, സബ് കലക്ടർ സച്ചിൻകുമാർ യാദവ്, തിരൂർ ഡിവൈ.എസ്.പി പി.പി. ഷംസ്, തഹസില്‍ദാര്‍ എസ്. ഷീജ, എ.പി അനിൽ കുമാർ എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, കെ.എസ് ഹംസ, സി.പി ബാവ ഹാജി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.എം.എ സലാം, കൂട്ടായി ബഷീർ, അജിത് കൊളാടി, അഡ്വ. പി. നസറുള്ള, സി.പി കുഞ്ഞുട്ടി, കെ. ജനചന്ദ്രൻ, സത്താർ ഹാജി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. തിരൂർ സബ് കലക്ടർ സച്ചിൻകുമാർ യാദവ് സർക്കാരിന് വേണ്ടി റീത്ത് സമർപ്പിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. മൃതദേഹം കൂട്ടായി കോതപ്പറമ്പിലെ വീട്ടുവളപ്പില്‍ പൊതുദർശനത്തിന് ശേഷം വൈകീട്ട് 4.30ടെ കോതപ്പറമ്പ് റാത്തീബ് ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. 42 കാരനായ നൂഹ് അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ദുരന്തത്തിനിരയായത്. മത്സ്യത്തൊഴിലാളിയായ നൂഹ് 11 വർഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഫെബ്രുവരി 25നാണ് അവസാനമായി നാട്ടിൽ വന്നത്.
2024-06-15