മഞ്ചേരി: ജില്ലയിലെ മദ്റസ അധ്യാപകരുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് സ്കോളര്‍ഷിപ് പദ്ധതി. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി കോളജിന്റെ സാമൂഹിക സമ്പര്‍ക്ക പരിപാടിയായ ‘മവദ്ദ’ പദ്ധതിയുടെ കീഴിലാണ് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയത്.
മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലയിലെ സമസ്ത അംഗീകൃത മദ്റസകളിലെ അധ്യാപകര്‍, ഇതര ജില്ലകളില്‍ സേവനം ചെയ്യുന്ന ജില്ലയിലെ സ്വദേശി റേഞ്ചുകളില്‍ അംഗത്വമുള്ള അധ്യാപകര്‍ തുടങ്ങിയവരുടെ മക്കള്‍ക്ക് ഓരോ സെമസ്റ്റര്‍ ഫീസിലും നിശ്ചിത തുക ഇളവോടെ നാലുവര്‍ഷ ബിരുദ കാലയളവില്‍ പതിനായിരം രൂപ സ്കോളര്‍ഷിപ് തുക അനുവദിക്കുന്നതാണ് പദ്ധതി.
മഞ്ചേരി വി.പി ഹാളില്‍ നടന്ന ജില്ല സ്വദ്ര്‍ മുഅല്ലിം സംഗമത്തില്‍ പദ്ധതി പ്രഖ്യാപനം ജാമിഅ ഇസ്ലാമിയ്യ വൈസ് പ്രസിഡന്റ് ഒ.എം.എസ് തങ്ങള്‍ നിസാമി നിര്‍വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ പാണക്കാട് ഹാരിസലി ശിഹാബ് തങ്ങള്‍, കെ.ടി. ഹുസൈന്‍കുട്ടി മുസ്ലിയാര്, അമാനുല്ല ദാരിമി, അന്‍വര്‍ റഷീദ് ബാഖവി, മുഹമ്മദലി മുസ്ലിയാര് ആനക്കയം, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ ശമീര്‍ ഫൈസി ഒടമല, ശമീര്‍ ഫൈസി ഒടമല, ജാമിഅ ഇസ്ലാമിയ്യ മാനേജര്‍ ഉമറുല്‍ ഫാറൂഖ് ഫൈസി, ഹൈദര്‍ അലി ആനക്കോട്ടുപുറം തുടങ്ങിയവര്‍ പങ്കെടുത്തു. ജാമിഅ ഇസ്ലാമിയ്യ പി.ആര്.ഒ ഇസ്മാഈല്‍ അരിമ്പ്ര പദ്ധതി വിശദീകരിച്ചു.