അങ്ങാടിപ്പുറം: പഞ്ചായത്ത് ശേഖരിച്ചിട്ടും സംഭരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരം സി.പി.എം പ്രതിനിധികൾ സന്ദർശിച്ചു. ഭാരവാഹികളായ എ. ഹരി, കെ.ടി. നാരായണൻ, സി. സജി, ബഷീർ ആറങ്ങോടൻ, എസ്. സുരേന്ദ്രൻ, റഷീദ് കിനാതിയിൽ എന്നവരാണ് സന്ദർശിച്ചത്. എന്നാൽ ഇവിടെ സംഭരിക്കുന്ന അജൈവ മാലിന്യം സമയബന്ധിതമായി വേർതിരിക്കാനാവശ്യമായ സംവിധാനം പഞ്ചായത്ത് ഒരുക്കിയിട്ടില്ല.
23 വാർഡുകളുള്ള പഞ്ചായത്തിൽനിന്ന് ശേഖരിച്ചെത്തുന്ന മാലിന്യം മഴയും വെയിലും കൊള്ളാതെ തരംതിരിക്കാൻ കെട്ടിടം വേണം. ഹരിതകർമ സേനക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാൻ സൗകര്യം, രോഗങ്ങൾ തടയാൻ ഗ്ലൗസ്, ബൂട്ട് എന്നിവ ലഭ്യമാക്കൽ, കുടിവെള്ളമൊരുക്കൽ എന്നിവയും പഞ്ചായത്ത് നിർവഹിച്ചിട്ടില്ല. ഇവിടേക്കുള്ള റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ അടുത്തിടെ മാലിന്യം കയറ്റാൻ എത്തിയ ക്ലീൻ കേരള മിഷന്റെ ലോറി മടങ്ങിപ്പോയി. അങ്ങാടിപ്പുറം പോളിടെക്നിക്കിന് മുൻവശത്തും
ടൗണിലും മാലിന്യം കൂടിക്കിടക്കുന്നുണ്ട്. ടൗൺ ശുചീകരിക്കാനും ഓടകൾ വൃത്തിയാക്കാനും മൂന്നു വർഷമായി പദ്ധതികളില്ല. ഓടകളിലെ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നതിനാൽ കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും യാത്ര ദുസ്സഹമാവുകയാണ്. പഞ്ചായത്തിന് അനുവദിച്ച തുകക്കുള്ള പദ്ധതികൾ മാർച്ച് 25 ന് മുമ്പ് പൂർത്തിയാക്കാത്തതിനാൽ നാലു കോടിയിലേറെ രൂപ ഇവിടെ നഷ്ടപ്പെടുത്തിയിരുന്നു. ഇത് മറച്ചുവെക്കാൻ സർക്കാർ പണം തരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രചരിപ്പിക്കുന്നതെന്നും സി.പി.എം പ്രതിനിധികൾ കുറ്റപ്പെടുത്തി.
ക്ലീൻ കേരള കമ്പനിയാണ് മാലിന്യം കൊണ്ടു പോവേണ്ടത്. ഇവർ തുടരുന്ന അനാസ്ഥയാണ് അങ്ങാടിപ്പുറത്ത് വലമ്പൂരിൽ സംഭരണകേന്ദ്രത്തിൽ മാലിന്യം കെട്ടിക്കിടക്കാൻ കാരണമെന്നാണ് പഞ്ചായത്തിന്റെ പരാതി. ശേഖരിക്കുന്ന മാലിന്യം വേർതിരിച്ചാൽ ഉടൻ അവിടെനിന്ന് നീക്കാനാണ് ക്ലീൻ കേരള കമ്പനിക്ക് സർക്കാർ നൽകിയ നിർദേശം. അങ്ങാടിപ്പുറത്ത് മാലിന്യം കെട്ടിക്കിടക്കുന്നതിന് കാരണം ക്ലീൻ കേരള മിഷനാണെന്നാണെന്നും വേർതിരിച്ചവയും കയറ്റി കൊണ്ടു പോവുന്നില്ലെന്നും പഞ്ചായത്ത് കുറ്റപ്പെടുത്തുന്നു.