നാലര പതിറ്റാണ്ട് കാലം ഒരേ കമ്പനിയിൽ ജോലി; നിറസംതൃപ്തിയോടെ ബഷീർ തിരൂർ മടങ്ങുന്നു

നാലര പതിറ്റാണ്ട് കാലം ഒരേ കമ്പനിയിൽ ജോലി; നിറസംതൃപ്തിയോടെ ബഷീർ തിരൂർ മടങ്ങുന്നു

ജിദ്ദ: നാലര പതിറ്റാണ്ട് മുമ്പ് സൗദിയിലെത്തിയ നാൾ മുതൽ ഒരേ കമ്പനിയിൽ വിവിധ തസ്തികകളില്‍ ജോലിചെയ്ത് നിറ സംതൃപ്തിയോടെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുകയാണ് ജിദ്ദയിലെ കലാരംഗത്ത് സജീവമായ ബഷീർ തിരൂർ എന്നറിയപ്പെടുന്ന കായല്‍ മഠത്തില്‍ ബഷീര്‍ അഹമ്മദ്.

1980ലാണ് ഇദ്ദേഹം ജിദ്ദയിലെത്തുന്നത്. വന്നയുടൻ ജിദ്ദയിലുണ്ടായിരുന്ന സീക്കോ ഹംസയെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ഓറിയന്റല്‍ ഷിപ്പിങ് കമ്പനിയില്‍ ഓഫീസ് ബോയ് കം ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. അന്നു മുതൽ ഇന്നു വരെ ഇതേ കമ്പനിയില്‍ കണ്ടൈനർ ടെർമിനലിലും ഡ്രൈവിങ് സ്കൂളിലുമൊക്കെയായി വിവിധ തസ്തികകളിൽ ജോലി ചെയ്തുകൊണ്ട് ചീഫ് കാഷ്യറായാണ് ഇപ്പോഴത്തെ വിരമിക്കൽ. കുറച്ചുകാലം കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജോലി ചെയ്‌തെങ്കിലും ബാക്കി മുഴുസമയവും ജിദ്ദയിൽ തന്നെയായിരുന്നു.

നാലര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതത്തിനിടയിൽ 16 തവണ ഹജ്ജ് നിര്‍വഹിക്കാൻ സാധിച്ചുവെന്നതും, ഒരുപാട് ത്യാഗം സഹിച്ചുകൊണ്ടുള്ള പഴയ കാലങ്ങളിലെ ഹജ്ജ് സമയങ്ങളിൽ പലപ്പോഴായി അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ സേവിക്കാനുള്ള അവസരം ലഭിച്ചുവെന്നതുമാണ് തനിക്ക് ഏറ്റവും സംതൃപ്തിയേകുന്ന കാര്യമെന്ന് ബഷീർ തിരൂർ പറഞ്ഞു. സൗദിയിലെത്തിയ നാള്‍ മുതല്‍ ജിദ്ദയിലെ കലാ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ബഷീർ തിരൂർ ഒരു ഗായകൻ കൂടിയാണ്. ധാരാളം സൗഹൃദങ്ങളും കലയോടുള്ള അതിയായ സ്‌നേഹവും കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹത്തിന് നിരവധി വേദികളില്‍ പാട്ടുപാടാനും അവസരം ലഭിച്ചു.

സ്വയം വളർച്ചയോടൊപ്പം മറ്റുള്ള കലാകാരന്മാരുടെ വളർച്ചക്ക് വേണ്ടിയും നിരവധി പരിശ്രമങ്ങൾ നടത്തിയ നല്ലൊരു സംഘാടകനും കൂടിയായിരുന്നു ബഷീർ തിരൂർ. ജിദ്ദയിൽ മാപ്പിളപ്പാട്ട് കലാകൂട്ടായ്മയായ ഇശൽ കലാവേദി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. കൂട്ടായ്‌മ രൂപീകരണം മുതൽ നിരവധി വലുതും ചെറുതുമായ കലാപരിപാടികളാണ് ഇദ്ദേഹത്തിന്റെ കാർമികത്വത്തിൽ ഇശൽകലാവേദിക്ക് കീഴിൽ സംഘടിപ്പിച്ചത്.

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ ബഷീർ, പരേതരായ കായൽ മഠത്തിൽ മുഹമ്മദ് അലിയുടെയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: ഖദീജ ഹസ്ന, ഏകമകൾ: ആയിഷ ഫബ്‌ന, മരുമകൻ: മുജീബുറഹ്മാൻ കോഴിക്കോട് (മാനേജര്‍, ലുലു ഗ്രൂപ്പ്). ബഷീർ തിരൂരിന് ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പഴയകാല കലാ കൂട്ടായ്മയായ വോയ്‌സ് ഓഫ് അറേബ്യ ഊഷ്മളമായ യാത്രയയപ്പ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *