പൊന്നാനി: പൊന്നാനി അങ്ങാടിയിലെ തകർച്ച ഭീഷണിയിലായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടിയായില്ല. കെട്ടിടം പൊളിക്കാൻ ഉടമകളും, ഭൂരിഭാഗം കച്ചവടക്കാരും തയാറായിട്ടും, നഗരസഭ അധികൃതർ അനുകൂല നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
നിരവധി തവണ കെട്ടിടങ്ങൾ തകർന്നു വീഴുകയും, രണ്ടുതവണ കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടാവുകയും ചെയ്തിട്ടും, ഇവ പൊളിച്ചുനീക്കാൻ ഇച്ഛാശക്തിയില്ലാതെയാണ് ഭരണസമിതികൾ മുന്നോട്ട് പോവുന്നത്. പൊന്നാനി കമാൻ വളവിലെ പഴയ ഗോഡൗണിന് കെട്ടിടം അപകട സാഹചര്യത്തിലാണുള്ളത്. സമീപത്തെ മദ്റസയിലേക്കും പള്ളിയിലേക്കും വിദ്യാർഥികൾ പോകുന്ന വഴിയിലെ കെട്ടിടം തകർന്ന് വീണാൽ വലിയ ദുരന്തമാണ് ഉണ്ടാവുക.
നേരത്തെ അഗ്നിരക്ഷാസേന നൽകിയ റിപ്പോർട്ടിന്മേലുള്ള തുടർനടപടി അനന്തമായി നീളുകയാണ്. കാലപ്പഴക്കമേറിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനായി സർവേ നടത്തി കെട്ടിടങ്ങൾ കണ്ടെത്തുകയും, ഇതിനുള്ള നടപടികളുമായി രണ്ടു വർഷം മുമ്പ് നഗരസഭ ഭരണസമിതി മുന്നോട്ട് പോയെങ്കിലും പാതിവഴിയിൽ നിലച്ചു.
പഴയ നിർമാണ രീതിയായതിനാൽ അപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനം നടത്താനുള്ള പ്രയാസങ്ങളും അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ചെറിയൊരു തീ നാളമുണ്ടായാൽ പോലും ആളിപ്പടരുന്ന തരത്തിലാണ് കെട്ടിട നിർമ്മാണം. ആവശ്യത്തിന് വാതിലുകളില്ലാത്തതിനാൽ അകത്ത് അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും.
കെട്ടിടങ്ങളുടെ കോണിപ്പടികളെല്ലാം കടകൾക്കകത്ത് മാത്രമായതിനാൽ മുകൾനിലയിൽ തീപിടുത്തമുണ്ടായാൽ പടരാൻ സാധ്യത ഏറെയാണെന്നും, വണ്ടിപ്പേട്ടയിൽ കെട്ടിടങ്ങളോട് ചേർന്ന് തന്നെ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നതിനാൽ തീപിടുത്തമുണ്ടായാൽ വൻ ദുരന്തത്തിനിടയാക്കുമെന്നും അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അങ്ങാടിയിലെ കെട്ടിടങ്ങളുടെ അവസ്ഥ സംബന്ധിച്ചുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ, മുന്നറിയിപ്പ് നൽകിയിട്ടും തുടർനടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല.
ചില കെട്ടിട ഉടമകൾ സ്വന്തം ഇഷ്ടപ്രകാരം കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ട്. ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് നഗരസഭ അധികൃതർ ആദ്യം അറിയിച്ചിരുന്നെങ്കിലും, പിന്നീട് ചില കടകൾക്ക് ലൈസൻസ് പുതുക്കി നൽകി.
പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി പ്രതിപക്ഷ കൗൺസിലർമാരും ആദ്യം രംഗത്തുണ്ടായിരുന്നെങ്കിലും ഇവരും ഇപ്പോൾ അവഗണിച്ച മട്ടാണ്. തിരക്കേറിയ അങ്ങാടിയിൽ നിലകൊള്ളുന്ന കെട്ടിടം തകർന്ന് ജീവഹാനി സംഭവിച്ചാൽ മാത്രമെ നടപടിയുണ്ടാകൂ എന്നാണ് നാട്ടുകാർ പറയുന്നത്.