കോട്ടക്കൽ: പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ഇരുചക്രവാഹനമോടിച്ച് പിതാവ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. മഞ്ചേരി-അരീക്കോട് റോഡിൽ പുല്ലൂരിൽനിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്താണ് സുസുക്കി ആക്സസ് സ്കൂട്ടറുമായി 13 വയസ്സുള്ള മകനും പിതാവും സവാരി നടത്തിയത്. മകൻ വാഹനം ഓടിക്കുന്നതും പിതാവ് സിഗരറ്റ് വലിച്ച് പിറകിൽ ഇരിക്കുന്നതുമായ ദൃശ്യങ്ങൾ മറ്റൊരു കാറിൽ സഞ്ചരിച്ചയാൾ പകർത്തുകയായിരുന്നു.
തുടരന്വേഷണത്തിൽ തൃശൂരിലുള്ള ഒരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്ന് മനസ്സിലായി. ഇതോടെ വാഹനം ഓടിച്ച പരിസരവും മറ്റും അന്വേഷണം നടത്തിയാണ് പിതാവിനെ തിരിച്ചറിഞ്ഞത്. രണ്ടു മാസമായി സ്വന്തം പേരിലേക്ക് രജിസ്ട്രേഷൻ മാറ്റാതെയാണ് വാഹനം ഉപയോഗിച്ചിരുന്നത്. ഇതോടെ വാഹന ഉടമക്കെതിരെയും, പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിച്ച രക്ഷിതാവിനെതിരെയും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവോ ഉടമയോ മൂന്നുവർഷം വരെ നീണ്ടുനിൽക്കുന്ന തടവും 25,000 രൂപ പിഴയും അടക്കണം. 25 വയസ്സുവരെ, വാഹനം ഓടിച്ച കുട്ടിക്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കും. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യും. കേസ് തുടർനടപടികൾക്കായി കോടതിയിൽ സമർപ്പിച്ചു. എൻഫോസ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശപ്രകാരം എം.വി.ഐ ബിനോയ് കുമാർ, എ.എം.വി.ഐ ഷൂജ മാട്ടട എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.