പൊന്നാനി: പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ മോഷ്ടിച്ച സംഭവത്തിൽ മൂന്നാഴ്ചക്ക് ശേഷം മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവിട്ട് പൊലീസ്. കഴിഞ്ഞമാസം 13ന് ശനിയാഴ്ച പുലർച്ചെയാണ് പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപത്തെ വീട്ടിൽനിന്ന് കവർച്ച നടന്നത്. പ്രതികളെ കണ്ടെത്താൻ തിരൂർ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. മോഷണം നടന്ന വീടിന് സമീപത്തെ സി.സി.ടി.വി ഉൾപ്പെടെ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഡോഗ് സ്ക്വാഡ് പരിശോധനയിൽ സമീപത്തെ സംസ്ഥാന പാതവരെ നായ എത്തിയിരുന്നു.
മൊബൈൽ ടവർ പരിശോധനയും പൊലീസിന് വലിയ കടമ്പയാണ്. സമീപത്ത് തിയേറ്റർ ഉള്ളതിനാൽ മോഷണം നടന്ന രാത്രിയിൽ ആയിരത്തിലധികം ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ട സ്ഥിതിയാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നതോടെ ദിവസങ്ങളോളം അന്വേഷണം നിർത്തിവെക്കേണ്ടി വന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്തുന്ന പ്രധാന ലീഡ് ലഭിച്ചിട്ടില്ല. ഇതേതുടർന്നാണ് പൊലീസ് പൊതുജനങ്ങളുടെ സേവനം തേടി സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടത്. ദുബൈൽ ജോലി ചെയ്യുന്ന മണപ്പറമ്പിൽ രാജീവിന്റെ വീട്ടിലാണ് 13ന് പുലർച്ചെ മോഷണം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് രാജീവിന്റെ ഭാര്യയും ദുബൈയിലേക്ക് പോയതായിരുന്നു.
ഇതോടെ വീട്ടിൽ ആരുമില്ലാത്ത സാഹചര്യമാണ് മോഷ്ടാക്കൾ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് അകത്തുകയറിയിരിക്കുന്നത്. സി.സി.ടി.വി പൂർണമായും തല്ലിത്തകർത്തു. കൃത്യമായ ആസൂത്രണം മോഷണത്തിനു പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം. അകത്തുകയറിയ മോഷ്ട്ടാക്കൾ സ്വർണം മാത്രമാണ് ലക്ഷ്യവച്ചിരിക്കുന്നത്. മറ്റൊന്നും കാര്യമായി അകത്തുനിന്ന് നഷ്ടപ്പെട്ടിട്ടില്ല. അകത്തെ അലമാരയിലെ ലോക്കർ കുത്തിത്തുറന്ന് സ്വർണം അപഹരിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യത്തിൽകാണുന്ന ആളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊന്നാനി പൊലീസിനെ അറിയിക്കണമെന്ന് പൊന്നാനി സി.ഐ അറിയിച്ചു.