വെളിയങ്കോട്: ദേശീയപാതയിൽ ഓട്ടോ തടഞ്ഞു നിർത്തി വെളിയംകോട് കിണർ വടക്കേപുറത്ത് മുഹമ്മദ് ഫായിസിനെ (28) വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ബൈക്കിലെത്തിയ ആറംഗ സംഘം ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചത്.
വെളിയം കോട് സ്വദേശികളായ വടക്കേപ്പുറത്ത് വീട്ടിൽ ഷഹീറിനെ (28) എറണാകുളത്തുനിന്നും കല്ലം വളപ്പിൽ വീട്ടിൽ റാംബോ എന്ന റാഷിദ് (29), തണ്ണിത്തുറക്കൽ വീട്ടിൽ നിസാമുദ്ദീൻ എന്ന നിഷാദ് (33) എന്നിവരെ കോയമ്പത്തൂരിൽ നിന്നും മേത്തനാട്ട് വീട്ടിൽ അഫ്സൽ എന്ന അൻസാറിനെ (38) മലപ്പുറത്തു നിന്നുമാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 17ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ഗുരുവായൂരിൽനിന്ന് വെളിയംകോട്ടേക്ക് ഓട്ടോയിൽ പോകുകയായിരുന്ന മുഹമ്മദ് ഫായിസിനെ മന്ദലാംകുന്നിന് എടയൂരിൽ വെച്ച് തടഞ്ഞു നിർത്തിയാണ് വെളിയംകോടുനിന്ന് മൂന്ന് ബൈക്കിൽ മാരകായുധങ്ങളുമായി എത്തിയ സംഘം കൊല്ലാൻ ശ്രമിച്ചത്.
ഫായിസിനൊപ്പം കൂട്ടുകാരനും ഡ്രൈവറും അടക്കം ഓട്ടോയിൽ മൂന്ന് പേര് ഉണ്ടായിരുന്നു. അവരെ രണ്ടു പേരെയും മാറ്റി നിറുത്തിയാണ് ഫായിസിനെ വെട്ടിയത്. ബഹളം കെട്ട് ഓടികൂടിയ നാട്ടുകാരാണ് വടക്കേക്കാട് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും ആക്രമികൾ സ്ഥലം വിട്ടിരുന്നു.
വടക്കേക്കാട് സി.ഐ ആർ. ബിനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാസങ്ങളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. മുമ്പും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയതിന് പ്രതികൾക്കെതിരെ മലപ്പുറം, തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
നേരത്തെ വെളിയംകോട്ടുണ്ടായ സംഘർഷത്തിന്റെ വൈരാഗ്യമാണ് ഫായിസിനെ ആക്രമിക്കാൻ കാരണം. ആ സംഭവത്തിൽ പേരുമ്പടപ്പ് സ്റ്റേഷനിൽ ഫായിസിനെതിരെ കേസുണ്ട്. വടക്കേക്കാട് എസ്.ഐമാരായ ആർ. ശിവശങ്കരൻ, പി.എസ്. സാബു, എം.കെ. സുധാകരൻ, എ.എസ്.ഐ. ഗോപി, സി.പി.ഒമാരായ ആഷിഷ്, നിബു നെപ്പോളിയൻ, വിപിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.