തിരൂരങ്ങാടി: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ഭാഗമായി തിരൂരങ്ങാടി നഗരസഭ യു.ഡി.എഫ് ജനപ്രതിനിധികള്‍ നഗരസഭ ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്ലാന്‍ ഫണ്ട് മുഴുവനായി നല്‍കിയിട്ടില്ല. ഓരോ ദിവസവും തദ്ദേശസ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും സര്‍ക്കാര്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് രാജ് ആക്ട് ലംഘിച്ചാണ് പ്രാദേശിക ഭരണകൂടങ്ങളെ നോക്കുകുത്തിയാക്കുന്നത്. ഇടത് സര്‍ക്കാര്‍ ജനങ്ങളെ അങ്ങേയറ്റം ദ്രോഹിച്ചാണ് ഭരിക്കുന്നത്. ക്ഷേമപെന്ഷന് പോലും കുടിശ്ശികയാക്കി. വീട് വെക്കാന്‍ പെര്‍മിറ്റ് ഫീസ് കണക്കില്ലാതെ കൂട്ടി. സലാം പറഞ്ഞു. ഡെപ്യൂട്ടി ചെയര്പേഴ്സൻ കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. മോഹനന് വെന്നിയൂര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായില്‍, ഇ.പി. ബാവ. സി.പി. സുഹ്റാബി, അലിമോന് തടത്തില്‍. പി.കെ. അസീസ്, പി.ടി. ഹംസ എന്നിവർ സംസാരിച്ചു.
വള്ളിക്കുന്ന്: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2023-24 വര്‍ഷത്തില്‍ ബജറ്റ് വിഹിതമായി ലഭിക്കേണ്ട ഫണ്ട് തടഞ്ഞ് വെച്ചതിലും തനത് ഫണ്ട് ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവിനുമെതിരെ യു.ഡി.എഫ് ജനപ്രതിനിധികള്‍ വള്ളിക്കുന്ന് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ പി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നിസാർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
കെ.പി. ആസിഫ് മഷ്ഹൂദ്, സി. ഉണ്ണിമൊയ്തു, ഇ. ദാസൻ, സത്താർ ആനങ്ങാടി, ടി. വിനോദ്കുമാർ, എ.പി.കെ. തങ്ങൾ, കെ.പി. ഹനീഫ, എം.കെ. കബീർ, സുഹറ ബഷീർ, തങ്കപ്രഭ, പുഷ്പ മൂന്നുചിറയിൽ എന്നിവർ സംസാരിച്ചു.