മേലാറ്റൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റുകളിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം തുടങ്ങി. ചെവിക്കൽപടി, കുലുക്കല്ലൂർ, ഏലംകുളം, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലെ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഹൈറ്റ് ഗേജ് നിർമാണം പൂർത്തിയായി. വാടാനാംകുർശ്ശി, വല്ലപ്പുഴ, ചെറുകര, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിൽ കൂടി പ്രവൃത്തി പൂർത്തിയായാൽ എല്ലാ ഗേറ്റുകളിലും നിയന്ത്രണം നിലവിൽവരും.
ഗേറ്റുകൾക്കിരുവശവുമുള്ള പാതകളിൽ 4.76 മീറ്റർ ഉയരത്തിലാണ് കമാനം നിർമിക്കുന്നത്. ഈ ഉയരത്തിൽ കൂടുതലുള്ള ചരക്കുവാഹനങ്ങൾക്ക് ഗേറ്റുകൾ വഴി കടന്നുപോകാനാവില്ല. 67 കിലോമീറ്റർ ദൂരത്തിലുള്ള റെയിൽപാതയിൽ 10 ഗേറ്റുകളാണുള്ളത്. റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി റോഡ് മുറിച്ചുപോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനാണ് കവാടം നിർമിക്കുന്നത്.