നിലമ്പൂർ: നാടുകാണി ചുരത്തിൽ തകരപ്പാടിക്ക് സമീപം പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. റോഡിൽനിന്ന് 10 മീറ്റർ മാറി താഴെ ഭാഗത്താണ് അടിവസ്ത്രം മാത്രം ധരിച്ച മൃതദേഹം കിടന്നിരുന്നത്. ബീറ്റ് പരിശോധനക്കിടെ വനപാലകരാണ് ചൊവ്വാഴ്ച രാവിലെ 9.30ന് മൃതദേഹം കണ്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് വഴിക്കടവ് ഇൻസ്പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് സയന്റിഫിക് അസി. ശ്രീകുട്ടി, വിരലടയാള വിദഗ്ധ റുബീന, ഡോഗ് സ്ക്വാഡിലെ ലൂണ ഡോഗ് എന്നിവരും പരിശോധനക്കെത്തി. മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന് 40നും 50നുമിടയിൽ പ്രായം തോന്നിക്കും.
നീല നിറത്തിലുള്ള അടിവസ്ത്രവും പാദത്തിൽ കാക്കി സോക്സും ധരിച്ചിട്ടുണ്ട്. മൃതശരീരത്തിന് സമീപം വിഷക്കുപ്പി, ഒരു വെള്ളത്തുണി, ഒരു കാവി തുണി, ചാര നിറത്തിലുള്ള തുണി, മഞ്ഞ ഷർട്ട്, പച്ച, നീല, മഞ്ഞ നിറത്തോടുകൂടിയ ഒരു കള്ളി ഷർട്ട്, ചാരനിറത്തോടുള്ള വേറൊരു ഷർട്ട് എന്നിവയുമുണ്ട്.
ഇടത് കാലിലെ തള്ളവിരലിനോട് ചേർന്ന് പാദത്തിൽ പഴയ മുറിവുമുണ്ട്. സാമാന്യം തടിച്ചതായി തോന്നിക്കുന്ന ശരീരത്തിന് ഇരുനിറമാണ്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
വഴിക്കടവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.