നിറമരുതൂർ: വളർത്തുനായെ കല്ലെറിഞ്ഞതിനെ ചൊല്ലി കൗമാരക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ 14കാരന് ഗുരുതര പരിക്ക്. മങ്ങാട് നിറമരുതൂർ സ്വദേശി തൊട്ടിയിൽ അബ്ദുൽ അസീസിന്റെ മകൻ അസ്ജദിനെ (14) തലക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ നിലയിൽ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അക്രമസംഭവങ്ങളുടെ തുടക്കം. ഒരുകൂട്ടം ചെറുപ്പക്കാർ മങ്ങാട് കളരിക്ക് സമീപത്തെ വീട്ടിലെ വളർത്തുനായെ കല്ലെറിയുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ അസ്ജദിനെയും കൂട്ടുകാരെയും കാണുകയും കാര്യം തിരക്കുകയും ചെയ്തു. വീട്ടുകാരോട് കല്ലെറിഞ്ഞത് വള്ളിക്കാഞ്ഞിരം സ്വദേശികളായ നാലുകുട്ടികളാണെന്ന് വ്യക്തമാക്കുകയും പേരുകൾ നൽകുകയും ചെയ്തു.
ഇതിന്റെ വൈരാഗ്യത്തിലാണ് ശനിയാഴ്ച രാത്രി ഒമ്പതോടെ മർദനമുണ്ടായത്. രാത്രി മങ്ങാട് പള്ളിയിൽനിന്ന് പ്രാർഥനക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്ത് മുഹമ്മദ് ഫാദിനെ (14) നാലുപേർ ചേർന്ന് മർദിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ അസ്ജദിനെ ഇരുമ്പുദണ്ഡുകൊണ്ട് തലക്ക് അടിക്കുകയും കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.
താനൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി അസ്ജദിന്റെ മാതാവ് അറിയിച്ചു.