കൊണ്ടോട്ടി: വേനല്‍ കനക്കുമ്പോള്‍ ശുദ്ധജലക്ഷാമം അതിരൂക്ഷമായ കൊണ്ടോട്ടി കോടങ്ങാട് കുന്നത്ത് എസ്.സി കോളനിയിലും പരിസരത്തെ ചുള്ളിയില്‍, ആശാരിമുക്ക്, ചോലക്കല്‍ പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. മേഖലയിലെ 75ലധികം കുടുംബങ്ങളിലെ 500ല്‍പരം പേര്‍ക്ക് ദാഹജലത്തിനടക്കം ഏക ആശ്രയമായ, കോടങ്ങാട് സ്വകാര്യ വ്യക്തി നിർമിച്ച കിണറും വറ്റുകയാണ്. ഇതോടെ ദാഹജലത്തിന് നാടലയേണ്ട ഗതികേടിലാണ് കോളനിയിലുള്ളവരും പരിസരവാസികളും.
കഴിഞ്ഞ 20 വര്‍ഷമായി കോടങ്ങാട്ടെ വ്യവസായി സൗജന്യമായി നിർമിച്ചു നല്കിയ കിണറ്റില്‍നിന്നാണ് വേനലിലും വര്‍ഷത്തിലും ഈ മേഖലയിൽ വെള്ളമെത്തുന്നത്. ഇതിന്റെ വൈദ്യുതി ചെലവും മോട്ടോര്‍ പ്രവര്ത്തിപ്പിക്കുന്നയാള്ക്കുള്ള ശമ്പളവും വീട്ടുകാര്‍ സ്വയം വഹിക്കുകയാണ്. കിണറ്റിലെ വെള്ളം കുറഞ്ഞതോടെ നിലവില്‍ ഒരു മണിക്കൂര്‍ മാത്രമെ ഒരു കുടുംബത്തിന് വെള്ളം ലഭിക്കൂ.
ഇത് കുടിക്കാനും പാചകത്തിനും മാത്രമെ തികയുന്നുള്ളൂവെന്നും കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും പാത്രങ്ങളുമായി നാടു ചുറ്റേണ്ട ഗതികേടിലാണെന്നും കോളനിവാസികള്‍ പറയുന്നു.
പരീക്ഷക്കാലമായിട്ടും കുന്നത്ത് കോളനിയിലും പരിസരങ്ങളിലും വെള്ളമെത്തിക്കാന്‍ ആവശ്യമായ നടപടികളൊന്നും അധികൃതരില്‍ നിന്നുണ്ടായിട്ടില്ല. നിത്യച്ചെലവിന് കൂലിവേലക്ക് പോകുന്നവരാണ് കോളനിയിലെ പുരുഷന്മാരും സ്ത്രീകളിലേറെയും. ഇപ്പോള്‍ വെള്ളം തേടി നടക്കേണ്ടതിനാല്‍ സ്ത്രീകള്‍ക്ക് തൊഴിലിനു പോകാനാകുന്നില്ല.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നതിനാൽ വിദ്യാര്‍ഥികൾക്കുള്ള വെള്ളം രാത്രിയില്‍ത്തന്നെ സംഘടിപ്പിക്കേണ്ട അവസ്ഥയാണിവിടെ. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും പട്ടിക വിഭാഗം കോളനികളിലും സൗജന്യമായി വെള്ളമെത്തിക്കണമെന്ന സര്‍ക്കാര്‍ നിർദേശം നിലനില്‍ക്കെയാണ് ഈ അനാസ്ഥ.
സ്വകാര്യ വ്യക്തി കിണറും പമ്പ് സെറ്റും സൗജന്യമായി നല്കിയപ്പോള് ടാങ്ക് നിര്‍മിക്കാന്‍ ജില്ല പഞ്ചായത്തും വീടുകളിലേക്ക് പൈപ്പ് ലൈനിടാന്‍ നെടിയിരുപ്പ് ഗ്രാമ പഞ്ചായത്തും ഫണ്ട് അനുവദിച്ചതല്ലാതെ വെള്ളമെത്തിക്കാൻ ഫലപ്രദമായ യാതൊരു ഇടപെടലുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കൊണ്ടോട്ടി നഗരസഭക്ക് 2019ല്‍ ഭരണാനുമതി ലഭിച്ച 124 കോടി രൂപയുടെ കിഫ്ബി- അമൃത് കുടിവെള്ള പദ്ധതികളും ഇവിടെ ഇതുവരെ എത്തിയിട്ടില്ല. വിതരണ ലൈന്‍ മുഴുവനായി സ്ഥാപിക്കുകയോ ഹൗസ് കണക്ഷനുകള്‍ നല്‍കുകയോ ചെയ്തിട്ടില്ല.
കുമ്പളപ്പാറയിലെ 16 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍നിന്നാണ് കുന്നത്ത് കോളനി ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇതിന് വൈദ്യുതി കണക്ഷന് നല്കുന്ന കാര്യവും സാങ്കേതിക കുരുക്കിലാണ്.
അടിയന്തരമായി വെള്ളം എത്തിച്ചില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കാനുള്ള നീക്കത്തിലാണ് കോളനിവാസികളും നാട്ടുകാരും. ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുന്നത്ത് എസ്.സി ഡെവലപ്മെന്റ് അസോസിയേഷന് പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും മലപ്പുറം കലക്ടര്‍ക്കും കിഫ്ബി പദ്ധതിയിലെ ക്രമക്കേടുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിക്കും എസ്.സി-എസ്.ടി കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയിട്ടുണ്ട്.