പെരിന്തൽമണ്ണ: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എത്ര സീറ്റിൽ മത്സരിക്കുമെന്ന് പ്രകോപിപ്പിക്കാൻ പലരും ചോദിക്കുന്നുണ്ടെന്നും കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലും ലീഗ് മത്സരിക്കുന്നുണ്ടെന്നാണ് ഉത്തരമെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പെരിന്തൽമണ്ണ ആനമങ്ങാട് മുസ്ലിം ലീഗ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ രാജ്യത്തിന്റെ ഭരണം തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങൾ തീരുമാനിക്കും. ഫാഷിസത്തിനെതിരെ രാജ്യത്തെ ഏകോപിപ്പിച്ച് നിർത്താൻ ഇന്ത്യ മുന്നണിയിൽ ശക്തമായി നിലകൊള്ളുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
രണ്ടിലും മൂന്നിലും അല്ല, 20 സീറ്റിലും ലീഗ് തന്നെയാണ് മത്സരിക്കുന്നത്. 20 സീറ്റുകളുടെയും വിജയമാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുക എന്നുള്ളതാണ് രാജ്യത്ത് നടക്കുന്നത്. ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് പകരം ഭിന്നതയുണ്ടാക്കുന്നു. ഏക സിവിൽകോഡ് എന്ന വാൾ ഇടക്കിടെ വീശി പൗരൻമാരെ പേടിപ്പിക്കുകയാണ് ഭരണകൂടം. പേടിപ്പിച്ച് വോട്ടു ചെയ്യിക്കാമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പേടിപ്പെടുത്തലുകളെ കാര്യമായി എടുക്കാതെ ദൗത്യം നിർവഹിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
പി.ടി. സൈത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ എന്നിവരും സംസാരിച്ചു.