പൊന്നാനി: ‘കെ- സ്മാർട്ട്’ ആപ്പ് വഴിയുള്ള ലൈസൻസ് പുതുക്കലിനെതിരെ വ്യാപാരികൾ രംഗത്ത്. കെട്ടിട ഉടമകൾക്ക് യഥേഷ്ടം വാടക വർധിപ്പിക്കാനും, കച്ചവടക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാനുമുള്ള സംവിധാനമായി കെ-സ്മാർട്ട് മാറിയെന്നാണ് വ്യാപാരികളുടെ ആക്ഷേപം. മുൻ വർഷങ്ങളിൽ ലൈസൻസ് കോപ്പി സമർപ്പിച്ച് വാർഷിക ലൈസൻസ് പുതുക്കിയിരുന്നവരെ ഇരട്ടി ദുരിതത്തിലാക്കുന്നതാണ് കെ-സ്മാർട്ട് വഴിയുള്ള ലൈസൻസ് പുതുക്കലെന്ന് വ്യാപാരികൾ പറയുന്നു.
പുതിയ പരിഷ്കരണ പ്രകാരം അക്ഷയ സെന്ററിലാണ് ലൈസൻസ് പുതുക്കാൻ അപേക്ഷിക്കേണ്ടത്. കാലങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികൾ ഉൾപ്പെടെയുള്ളവർ കെട്ടിട ഉടമയുടെ സാക്ഷ്യപത്രം അക്ഷയ സെൻററിൽ സമർപ്പിച്ചാൽ മാത്രമെ ലൈസൻസ് പുതുക്കുകയുള്ളൂ.
കച്ചവടക്കാരനെ ഒഴിപ്പിക്കാൻ കാത്തിരിക്കുന്ന കെട്ടിട ഉടമകളും, വാടക വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന കെട്ടിട ഉടമകളും തങ്ങളുടെ ആവശ്യം നടപ്പായില്ലെങ്കിൽ അനുമതിപത്രം നൽകാതിരിക്കുന്ന പ്രവണതയാണ്. ഈ നിയമത്തിൽ ഭേദഗതി വരുത്തി കച്ചവടക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഈഴുവത്തിരുത്തി യൂനിറ്റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പൊന്നാനി നഗരസഭ ചെയർമാനും, സെക്രട്ടറിക്കും രേഖാമൂലം പരാതി നൽകി.
കെ.പി. അബ്ദുൽ ജബ്ബാർ, ടി.കെ. രഘു, റഫീഖ്, ലാഹുൽ ആമീൻ, മർവ റഷീദ് എന്നിവർ സംബന്ധിച്ചു.