മലപ്പുറം: ജില്ലയിൽ സർക്കാർ ആശുപത്രികൾ വഴി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു വർഷത്തിനിടെ 1,031 പേരിൽ അർബുദ രോഗം കണ്ടെത്തി. 2022 ഏപ്രിൽ മുതൽ 2023 ജൂൺ വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതിൽ 260 പേർക്കാണ് സ്തനാർബുദം കണ്ടെത്തിയത്. ഗർഭാശയ ഗള കാൻസർ 318, വായിലെ കാൻസർ 64, മറ്റ് കാൻസറുകൾ 389 വും കണ്ടെത്തി. 4,870 ആളുകളിലാണ് സ്തനാർബുദ പരിശോധന നടത്തിയത്. ഇതിൽ 404 പേർ മാമോഗ്രാമും 865 പേർ എഫ്.എൻ.എ.സി(ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി) പരിശോധനയും ചെയ്തിട്ടുണ്ട്. 3,483 പേരിലാണ് വായിലെ അർബുദ പരിശോധന നടത്തിയത്. ഇതിൽ 181 പേർ ഓറൽ ബയോപ്സി ചെയ്തു.
3,052 ഗർഭാശയ ഗള അർബുദ പരിശോധന നടന്നത്. 2,437 പാപ്സ്മിയർ പരിശോധനക്ക് വിധേയനായി. അർബുദ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രാഥമിക ഘട്ടത്തിൽ 5,557 പേരെയാണ് വായിലെ അർബുദ പരിശോധനക്ക് വിധേയമാക്കിയത്. സ്തനാർബുദ വിഭാഗത്തിൽ 90,761 പേരെയും സെർവൈക്കൽ കാൻസറിൽ 15,934 പേരെയും പരിശോധിച്ചു. സി.ബി.എ.ബി(കമ്യൂനിറ്റി ബെയ്സഡ് അസസ്മെന്റ് ചെക്ക് ലിസ്റ്റ്) സ്കോർ നാലിൽ 3,12,251 പേർ, പ്രമേഹമുള്ളവർ 1,56,497, രക്തസമ്മർദ്ദമുള്ളവർ 1,51,252, പ്രമേഹവും രക്തസമ്മർദ്ദമുള്ളവർ 46,494, ടി.ബി സാധ്യതയുള്ളവർ 11,275, ശ്വാസകോശ രോഗ സാധ്യതയുള്ളവർ 37,743, 60 വയസ്സിന് മുകളിലുള്ളവർ 4,05,237, കിടപ്പിലായവർ 12,864, വീട്ടിനകത്ത് തന്നെ കഴിയുന്നവർ 21,042 എന്നിവരെയാണ് പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയിരുന്നത്. നിലവിൽ സർക്കാർ മേഖലയിൽ ചികിത്സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ മേഖലയിലെ കണക്ക് കൂടി പരിഗണിക്കുകയാണെങ്കിൽ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് നോഡൽ ഓഫിസർ ഡോ.ഫിറോസ് ഖാൻ അറിയിച്ചു. രോഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ ശൈലി ആപ്പ് വഴി സർവേ നടക്കുന്നുണ്ട്. സർവേ വ്യാപിക്കാനുള്ള ശ്രമം നടന്നുണ്ട്. രോഗം വേഗം കണ്ടെത്തി പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.