കൽപകഞ്ചേരി: പുത്തനത്താണി കേന്ദ്രീകരിച്ച് മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ. എ.ആർ നഗർ പുകയൂർ സ്വദേശി പാറമ്മൽ ഷാജിയെ (38) ആണ് കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ കെ. നൗഫൽ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ തിരൂർ സ്വദേശി വെട്ടാത്ത് ഹരീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതി ഷാജി അറസ്റ്റിലായത്.
മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ചൂതാട്ടം നടത്തിയിരുന്നത്. ഇതിലൂടെ പ്രധാന പണമിടപാട് നടത്തിയിരുന്ന ആളാണ് അറസ്റ്റിലായ ഷാജി. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. സുജിത്ത്, സി.പി.ഒമാരായ കെ. വിനീഷ്, ജിജോ ജോസഫ്, വിനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.