മലപ്പുറം: സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രക്കാവശ്യമായ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം. മാറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂൾ വാഹനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. സ്കൂൾ വാഹനത്തിന്‍റെ മുൻ ഗ്ലാസ് അടക്കം ഉണ്ടായിരുന്നില്ല. ഡീസൽ ചോർച്ചയുള്ള വാഹനത്തിൽ ആയയും ഉണ്ടായിരുന്നില്ല. മെക്കാനിക്കൽ കണ്ടീഷനും മോശമായിരുന്നു.
തുടർന്നാണ് ഫിറ്റ്നസ് റദ്ദാക്കിയത്. എൻഫോഴ്സ്മെന്‍റ് വിഭാഗം എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാത അതിരുമടയിൽ നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചത്. ജി.പി.എസും വേണ്ട വിധം പ്രവർത്തിച്ചിരുന്നില്ല.
സ്കൂൾ അധികൃതരെ വിവരമറിയിച്ച് മറ്റൊരു വാഹനത്തിൽ കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിക്കാൻ നടപടി സ്വീകരിച്ചു. സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ കലക്ടർക്ക് ശിപാർശ ചെയ്യുമെന്ന് എം.വി.ഐ പറഞ്ഞു.കുറ്റിപ്പാലയിൽ പരിശോധന നടത്തുന്നതിനിടയിൽ ചെറിയ കുട്ടികളെ കൊണ്ടു പോകുകയായിരുന്ന കോൺടാക്ട് ക്യാരേജ്(ക്രൂയിസർ) വാഹനത്തിന്‍റെ അവസ്ഥയും മോശമാണെന്ന് കണ്ടെത്തി.
ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ രേഖകളില്ലാതെയാണ് സ്കൂൾ കുട്ടികളെ കുത്തിനിറച്ചോടിയത്. കുറ്റിപ്പാലയിലെ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനമായിരുന്നു ഇത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ നേരിട്ടെത്തി പ്രധാനാധ്യാപകനെ കാണുകയും സ്കൂളിലേക്ക് വരുന്ന ഓരോ കുട്ടിയുടെയും യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശം നൽകുകയും ചെയ്തു.