പൂക്കോട്ടുംപാടം: ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടത്തെ അനുസ്മരിപ്പിക്കുമാറ് അമരമ്പലത്തും സൂര്യകാന്തി വിരിയിച്ച് മലയോര കർഷകൻ. ആദ്യമായാണ് അമരമ്പലത്ത് സൂര്യകാന്തി കൃഷി നടത്തുന്നത്.വേങ്ങാപരതയിലെ ഏഴ് ഏക്കറോളം വരുന്ന ഭൂമിയിൽ സൂര്യകാന്തി പരീക്ഷണാടിസ്ഥാനത്തിൽ ഇടവിളയായാണ് കൃഷി ചെയ്തത്. വേങ്ങാപരത വടക്കേതിൽ സീതിയിൽനിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് വണ്ടൂർ ചെറുകോട് സ്വദേശി മൂസ കൃഷി ആരംഭിച്ചത്.
വാഴ കൃഷി നടത്താറുള്ള വന മേഖലയോട് ചേർന്ന ഈ പ്രദേശത്ത് ഇത്തവണ തമിഴ്നാട് ഗുണ്ടൽപേട്ടിൽനിന്ന് വിത്ത് കൊണ്ടുവന്ന് ഇടകൃഷി നടത്തുകയായിരുന്നു. മണൽ ചേർന്ന മണ്ണായതിനാൽ കൃഷിക്ക് അനുയോജ്യമാണ്. മൂന്നു മാസം മുമ്പ് പാകിയ വിത്തുകളാണ് ഇപ്പോൾ പൂത്തത്. എന്നാൽ, മഴ കുറവായതിനാൽ പൂക്കൾ കുറവുള്ളതായി കർഷകർ പറഞ്ഞു.
സൂര്യകാന്തി വിരിഞ്ഞതോടെ പൂപ്പാടം കാണാൻ പ്രദേശവാസികളും നാട്ടുകാരും എത്താൻ തുടങ്ങി. സോഷ്യൽ മീഡിയയും വാട്സ്ആപ് ഗ്രൂപ്പുകളിലും ഫോട്ടോയും വിഡിയോകളും പ്രചരിച്ചതോടെ പലയിടങ്ങളിൽനിന്ന് ആളുകളെത്താൻ തുടങ്ങി. പൂപ്പാടം കാണാൻ എത്തുന്നവർ ഫോട്ടോക്കും മറ്റും പാടത്തിറങ്ങി പൂക്കൾ നശിപ്പിക്കുന്നതും കർഷകർക്ക് ശല്യമായിരിക്കുകയാണ്.വന്യമൃഗ ശല്യം രൂക്ഷമായ വേങ്ങാപരതയിൽ രാത്രി കാവൽ ഏർപ്പെടുത്തിയാണ് സൂര്യകാന്തി പൂക്കൾ സംരക്ഷിക്കുന്നത്.