നിലമ്പൂർ: കരാറുകാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി നിലമ്പൂർ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസറുടെ പരാതി. വഴിക്കടവ് മരുത വലിയപീടിയേക്കൽ വി.പി. സുനീറിനെതിരെയാണ് നിലമ്പൂർ ബി.ഡി.ഒ ഐ.ജെ. സന്തോഷ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ അന്വേഷണം തുടങ്ങി. ബുധനാഴ്ച 12 ഓടെയാണ് സംഭവം. ബി.ഡി.ഒയുടെ കാബിനിലേക്ക് കയറി വന്ന് ടെൻഡറുകൾ പാസാക്കുന്നതിൽ തടസ്സം നിൽക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും പിടിച്ചുതള്ളുകയും കൈയേറ്റം നടത്താൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഓഫിസിലെ മറ്റു ജീവനക്കാർ വന്നാണ് ഇയാളെ പുറത്താക്കിയത്.
ഇയാൾ കരാറെടുത്ത കോടിയുടെ പ്രവൃത്തി കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാതെ കിടക്കുകയാണെന്നും ഇത്തരം കരാറുകാർക്ക് പുതിയ വർക്കുകൾ നൽക്കേണ്ടതില്ലെന്നും ബ്ലോക്ക് ഭരണസമിതി ഏകകണ്ഠേന തീരുമാനമെടുത്തിരുന്നു. സമയത്തിന് പ്രവൃത്തി പൂർത്തീകരിക്കാത്ത കരാറുകാരെ കഴിഞ്ഞ ദിവസം ബ്ലോക്ക് ഓഫിസിലേക്ക് ഭരണസമിതി വിളിച്ചുവരുത്തി എത്രയും പെട്ടന്ന് പ്രവൃത്തികൾ പൂർത്തീകരിക്കാൻ നിർദേശം നൽകിയിരുന്നു.