കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്താൻ ശ്രമിച്ച അഞ്ച് പേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്താൻ ശ്രമിച്ച അഞ്ച് പേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തൽമണ്ണ: ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍.

കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ സ്വദേശി ചോടത്ത് കുഴിയിൽ അബ്ദുൾ അസീസ് (31), മാറഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ (40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക്(27), ചാവക്കാട് മുതുവറ്റൂര്‍ സ്വദേശി കുരിക്കലകത്ത് അൽതാഫ്ബക്കർ(32)എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ. സി അലവി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26നാണ് വിദേശത്ത് നിന്ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി നാട്ടിലേക്ക് വരുന്ന വഴി കാസര്‍ഗോഡ് സ്വദേശികളുടെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോഗ്രാം സ്വര്‍ണം കവര്‍ച്ച നടത്താനായി സംഘം രണ്ട് കാറുകളിലായെത്തിയത്. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സംഘം കവര്‍ച്ചാശ്രമം ഒഴിവാക്കി കാറില്‍ രക്ഷപെടുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിൽ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സി അലവിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് കള്ളക്കടത്ത് നടത്തി കൊണ്ടുവന്ന ഒരുകിലോഗ്രാം സ്വര്‍ണ്ണവും പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചാസംഘത്തെകുറിച്ച് സൂചനലഭിക്കുകയും മുഖ്യ സൂത്രധാരനായ മുഹമ്മദ് റഷാദ് നെ കുറിച്ച് വിവരം ഭിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

മുഹമ്മദ് റഷാദിന് കാസര്‍ഗോഡ് സ്വദേശി ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തികൊണ്ട് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് വഴി വരുന്ന വിവരം കിട്ടിയിരുന്നു. അത് കവര്‍ച്ച നടത്തുന്നതിനായാണ് അബ്ദുള്‍ അസീസ്, ബഷീര്‍ എന്നിവര്‍ വഴി സാദിഖിനേയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ചാവക്കാട് സ്വദേശി അല്‍ത്താഫിനേയും ഏല്‍പ്പിക്കുന്നത്.

രണ്ടു കാറുകളിലായെത്തിയ സംഘം കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പരാതിക്കാരന്‍റെ കാറിനെ പിന്തുടര്‍ന്ന് പെരിന്തല്‍മണ്ണ കാപ്പുമുഖത്ത് വച്ച് കവര്‍ച്ച നടത്താനായി ശ്രമിക്കുകയായിരുന്നു. എന്നാൽ ശ്രമം നടക്കാതായതോടെ സംഘം രക്ഷപെട്ടു. കസ്റ്റംസിനെ വെട്ടിച്ചു എയർപോർട്ട് വഴി സ്വർണം കൊണ്ടുവന്ന കാസർഗോഡ് സ്വദേശി വസീമുദീൻ (32), താമരശേരി കരിമ്പനക്കൽ മുഹമ്മദ്‌ സാലി (49) എന്നിവരെ നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്യുകയും ഒരു കി.ഗ്രാം സ്വർണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ജില്ലാ ​പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സി.ഐ സി അലവിയുടെ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു അന്വേഷണം നടത്തിയാണ് കവര്‍ച്ചാ സംഘത്തിലെ അഞ്ച് പേരെ പിടികൂടാനായത്. മറ്റു പ്രതികളെ കുറിച്ച് സൂചനലഭിച്ചതായും കൂടുതല്‍ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സി.ഐ അറിയിച്ചു.

അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം എസ്.പി.സുജിത്ത് ദാസ്, ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ. സി അലവി, എസ്.ഐ. യാസിര്‍ ആലിക്കൽ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ. രാജേഷ് എം.എസ്, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് ഷജീര്‍, ഉല്ലാസ്, രാകേഷ്, മിഥുന്‍, ഷഫീഖ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *