മഞ്ചേരി നഴ്‌സിങ് കോളജിന് അനുമതി

മഞ്ചേരി നഴ്‌സിങ് കോളജിന് അനുമതി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നഴ്‌സിങ് കോളജില്‍ ബി.എസ്സി പ്രവേശനത്തിന് കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗണ്‍സിലിന്‍റെ (കെ.എൻ.എം.സി) അനുമതി. ആരോഗ്യ സര്‍വകലാശാലയുടെ അനുമതിക്കുള്ള നടപടികളും അവസാനഘട്ടത്തിലാണ്.

ഇതുകൂടി ലഭിച്ചാല്‍ അടുത്ത ആഴ്ചയോടെ പ്രവേശന നടപടി ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ആരോഗ്യസർവകലാശാല ഭരണവിഭാഗവും കെ.എൻ.എം.സി അംഗങ്ങളും നേരത്തേ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു.

70 പേർക്കാണ് പ്രവേശനം ലഭിക്കുക. ക്ലാസുകള്‍ തുടങ്ങുന്നതിന് ഓഫിസ്, ക്ലാസ് മുറികള്‍, ലാബ്, താമസം ഉള്‍പ്പെടെ സൗകര്യങ്ങളും സജ്ജമാക്കി. ആൺകുട്ടികളുടെ ഹോസ്റ്റലായി താൽക്കാലികമായി ഉപയോഗിക്കുന്ന പ്രീഫാബ് കെട്ടിടമാണ് ക്ലാസിന് പരിഗണിക്കുന്നത്.

മെഡിക്കല്‍ കോളജിന്‍റെ പഴയ അക്കാദമിക കെട്ടിടത്തിലാണ് ഓഫിസ് സംവിധാനം ഒരുക്കിയത്. ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് പ്രിന്‍സിപ്പല്‍, അഞ്ച് അസി. പ്രഫസര്‍, സീനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്ക്, ഓഫിസ് അറ്റന്‍ഡന്‍റ്, ലൈബ്രേറിയന്‍ ഗ്രേഡ് വണ്‍, ഹൗസ് കീപ്പര്‍, ഫുള്‍ടൈം സ്വീപ്പര്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്‍റ്, വാച്ച്മാന്‍ എന്നിങ്ങനെ 18 തസ്തിക സൃഷ്ടിച്ചിരുന്നു.

പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കാൻ കോഴിക്കോട് നഴ്സിങ് കോളജ് പ്രിന്‍സിപ്പലിന് താല്‍ക്കാലിക ചുമതലയും നല്‍കിയിട്ടുണ്ട്. 2021ലെ ബജറ്റിലാണ് മഞ്ചേരിയിൽ നഴ്സിങ് കോളജ് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *