കൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ തീര്‍ത്തും തകര്‍ന്നടിഞ്ഞ കൊണ്ടോട്ടി പതിനേഴാം മൈലില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ദേശീയപാത ഇന്റര്‍ലോക്ക് കട്ടകള്‍ പതിച്ചാണ് നവീകരിക്കുന്നത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് നവീകരണം. അഴുക്കുചാലോടുകൂടി 60 മീറ്റര്‍ നീളത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്നതിന് 26.53 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി കൊണ്ടോട്ടി വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. നേരത്തേ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പ്രവൃത്തികള്‍ രാത്രി 10ന് ശേഷമാക്കിയത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി.
നിരന്തരമായുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ് വെള്ളക്കെട്ടിനെ അതിജീവിക്കുന്ന വിധത്തിലാണ് പുനരുദ്ധരിക്കുന്നത്. റോഡിന്റെ ഒരു വശത്തെ പ്രവൃത്തികള്‍ ആദ്യം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മറുവശത്തെ പ്രവൃത്തികള്‍. ഇതിനാല്‍ മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളില്‍നിന്ന് കോഴിക്കോട്, എടവണ്ണപ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ദേശീയപാത വഴിതന്നെയാണ് കടത്തിവിടുന്നത്.
ആദ്യഘട്ടത്തില്‍ രാത്രിയിലാണ് നിര്‍മാണ പ്രവൃത്തികള്‍. പ്രവൃത്തികള്‍ പൂര്‍ത്തിയാകുംവരെ ഗതാഗത നിയന്ത്രണം ദേശീയപാതയില്‍ തുടരുമെന്ന് കേന്ദ്ര അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അനിത കുമാരി വ്യക്തമാക്കി.
പാണ്ടിക്കാട് ഭാഗത്തുനിന്ന് കൊണ്ടോട്ടിയിലേക്കുള്ള റോഡ് അടച്ചു. ഈ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കൊളത്തൂര്‍ മേലങ്ങാടി വഴി നഗരത്തില്‍ പ്രവേശിക്കണം.
ദേശീയപാതയില്‍ കൊളത്തൂര്‍ എയര്‍പോര്‍ട്ട് ജങ്ഷനില്‍ കൊണ്ടോട്ടി ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വിമാനത്താവള റോഡിലൂടെ തിരിച്ച് മേലങ്ങാടി വഴിയാണ് നഗരത്തിലെത്തേണ്ടത്. മേലങ്ങാടി -വിമാനത്താവള റോഡ് വഴി വരുന്ന ബസുകളും ചെറു വാഹനങ്ങളും ഒഴികെയുള്ള മറ്റു വാഹനങ്ങളെല്ലാം കോടങ്ങാട് വഴി തിരിഞ്ഞാണ് നഗരത്തില്‍ പ്രവേശിക്കേണ്ടത്. ബസുകള്‍ മേലങ്ങാടിയില്‍ നിന്ന് നേരിട്ട് ബസ് സ്റ്റാൻഡിലെത്തി മഞ്ചേരി, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന രീതിയിലാണ് ക്രമീകരണം. എടവണ്ണപ്പാറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും കൊളത്തൂര്‍ വഴി തിരിഞ്ഞ് ഇതേ രീതിയില്‍തന്നെയാണ് പോകേണ്ടത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്കാന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍നിന്നും കാക്കഞ്ചേരി പള്ളിക്കല്‍ റോഡ് ജങ്ഷനില്‍ നിന്നും വരുന്ന ഭാരവാഹനങ്ങളും മഞ്ചേരി, മലപ്പുറം ഭാഗത്തേക്കുള്ള ലോറികളും രാമനാട്ടുകര മേല്‍പാലത്തിനു താഴെനിന്ന് കൂരിയാട്, വേങ്ങര വഴി മലപ്പുറം ഭാഗത്തേക്കാണ് തിരിച്ചുവിടുന്നത്. രാമനാട്ടുകര മേല്‍പാലത്തിനു താഴെ ജങ്ഷനില്‍ ഇതുസംബന്ധിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. മറ്റു കേന്ദ്രങ്ങളിലും അറിയിപ്പ് ബോര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്.