കാറും പണവും മൊബൈലും കവര്‍ച്ച ചെയ്ത സംഭവം; പരപ്പനങ്ങാടിയില്‍ നാലുപേര്‍ അറസ്റ്റില്‍

കാറും പണവും മൊബൈലും കവര്‍ച്ച ചെയ്ത സംഭവം; പരപ്പനങ്ങാടിയില്‍ നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: പരപ്പനങ്ങാടിയില്‍ കാറും പണവും തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സൗദിയില്‍ നിന്നും വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുത്തതിന്റെ കമ്മീഷന്‍ കിട്ടാത്തതിനെ ചൊല്ലിയായിരുന്നു അക്രമം. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച്‌ കൊങ്ങന്റെ പുരക്കല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (39) , ചെട്ടിപ്പടി അങ്ങാടി ബീച്ചില്‍ അയ്യാപ്പേരി വീട്ടില്‍ അസൈനാര്‍ (44), ചെട്ടിപ്പടി ബീച്ചില്‍ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടില്‍ റെനീസ് (35) ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കൊങ്ങന്റെ ചെറുപുരക്കല്‍ വീട്ടില്‍ ഷെബീര്‍ (35)എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

 മലപ്പുറം താനൂര്‍ സ്വദേശിയായ ഷെമീറിനെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് വിളിച്ചു വരുത്തി ചാപ്പപ്പടിയില്‍ വച്ചും, അരിയല്ലൂര്‍ എന്‍സി ഗാര്‍ഡന്റെ പുറകുവശം ബീച്ചില്‍ വച്ചും മര്‍ദ്ദിച്ചു. ഇദ്ദേഹത്തിന്റെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും 15000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ നാലു പ്രതികളെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

 2022 ജൂലൈ മാസത്തില്‍ സൗദി അറേബ്യയില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണം തട്ടിയതിന്റെ കമ്മീഷന്‍ 5 ലക്ഷം രൂപ കിട്ടണം എന്നും പറഞ്ഞാണ് പ്രതികള്‍ പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച്‌ കവര്‍ച്ച നടത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണിലെ വാട്സ് ആപ്പ് ചാറ്റുകളും മൊഴികളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തില്‍ നാട്ടിലുള്ളതും വിദേശത്തേക്ക് കടന്നിട്ടുള്ളതുമായ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയെന്നു പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ടുള്ള ഒട്ടുമ്മല്‍ ബീച്ച്‌ സ്വദേശിയായ ആള്‍ക്ക് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു.

പരപ്പനങ്ങാടി സി ഐ ഹണി കെ.ദാസ്, എസ് ഐ പ്രദീപ് കുമാര്‍ , എം വി സുരേഷ്, പൊലീസുകാരായ സുധീഷ് ,സനല്‍ ഡാന്‍സാഫ് ടീമംഗങ്ങള്‍ അയ ആല്‍ബിന്‍ ,ജിനു, അഭിമന്യു, വിപിന്‍, സബറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *