ആഹാരം നിയന്ത്രിക്കുന്നവര്‍ പലപ്പോഴും ചെയ്യുന്ന ഒരു മണ്ടത്തരമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാല്‍ രാത്രിയാകുമ്പോള്‍ ഇക്കൂട്ടര്‍ വയറുനിറയെ ഭക്ഷണവും കഴിക്കും. അത്താഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ഇത് അമിതവണ്ണത്തിന് കാരണമാകും എന്നുമാത്രമല്ല പ്രമേഹം, ഹൃദ്രോഗം പോലെ പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നതിന് പല കാരണങ്ങളുണ്ട്. ചില ആളുകള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ കണക്കില്ലാതെ ഭക്ഷണം അകത്താക്കും. ചിലര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഭക്ഷണം കഴിച്ചായിരിക്കും ഉന്മേഷം കണ്ടെത്തുന്നത്. എന്നാല്‍ ദിവസേനയുള്ള നമ്മുടെ ആഹാരക്രമം ചിട്ടപ്പെടുത്തുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാത്രിയില്‍ അമിതമായി ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ അടിങ്ങിയ പ്രാതല്‍ ഉറപ്പുവരുത്തണം. ഇടവിട്ടിടവിട്ട് ഭക്ഷണം കഴിക്കാം, എപ്പോഴും ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മൂന്ന് തവണ വയറുനിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണയായി ചെറിയ അളവില്‍ ഭക്ഷണം കഴിക്കാം.
ഡ്രൈ ഫ്രൂട്ട്സ്, ഫ്രഷ് ജ്യൂസ് എന്നിവ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വെള്ളറിക്ക, തക്കാളി, ക്യാരറ്റ് എന്നിവയുടെ ജ്യൂസ്, മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡ്, ചപ്പാത്തിയും പച്ചക്കറികളും, സൂപ്പ്, ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ഫിഷ്, പുഴുങ്ങിയ മുട്ട, ഇഡ്ഢലി എന്നവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.