കോട്ടക്കൽ: സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക് തുരങ്കം വെക്കുന്നുവെന്ന് കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതു മറച്ചുവെക്കാനാണ് കോട്ടക്കൽ ബസ് സ്റ്റാൻഡ് വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ജനകീയസമിതിയുടെ പേരിൽ സി.പി.എം നേതാക്കൾ പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളമാണ്. ചെയർപേഴ്സൻ ചർച്ചക്ക് വിളിക്കുകയോ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ ഇൻസ്പെക്ടർ മുന്നോട്ട് വെച്ച ആശയമാണ് പുതുവർഷാരംഭത്തിൽ കോട്ടക്കൽ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനമെന്നത്. സാങ്കേതിക പ്രശ്നങ്ങൾ തീർന്നാൽ മാത്രമേ ബസ് സ്റ്റാൻഡ് ഉദ്ഘാടനവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. സർക്കാർ ഫണ്ട് ലഭിക്കാൻ ഇനിയും കടമ്പകളുണ്ട്.
കോട്ടക്കലിലെ ഫാം അഴിമതി, ലഹരി മാഫിയക്കായി ഒത്തുതീർപ്പ്, നേതാക്കളെ തരംതാഴ്ത്തൽ തുടങ്ങി ആഭ്യന്തര പ്രശ്നങ്ങളിൽ ആടിയുലയുകയാണ് സി.പി.എം. പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് അനാവശ്യ വിഷയങ്ങളിലേക്ക് അണികളെ വലിച്ചിഴക്കുന്നതെന്നും മുനിസിപ്പൽ ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എം. ഖലീൽ എന്നിവർ പറഞ്ഞു.