പെരിന്തൽമണ്ണ: മലപ്പുറത്തിന്റെ മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഇനി യു.എ.ഇയുടെ മണ്ണിലേക്കും. അര നൂറ്റാണ്ട് തികയുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് പന്തുരുളുക കടലിനക്കരെയാവും. യു.എ.ഇയിലെ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കെഫയുമായി സഹകരിച്ചാണ് പെരിന്തൽമണ്ണയിൽ നടത്തുന്നതോടൊപ്പം സമാന്തരമായി ദുബൈയിലും ടൂർണമെന്റ് നടത്തുക. ഒക്ടോബർ 22, 23 തീയതികളിൽ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് അജ്മാനിലെ വിന്നേഴ്സ് ഗ്രൗണ്ടിലും ദുബൈ ഖിസൈസിലെ സ്റ്റാർ സ്കൂൾ ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനായി കാദറലി ക്ലബിന്റെ പ്രവർത്തകർകൂടിയായ യു.എ.ഇയിലെ മലയാളികൾ ചേർന്ന് ദുബൈയിൽ സ്വാഗതസംഘം രൂപവത്കരിച്ചു. ഒരേസമയം രണ്ടു മൈതാനത്ത് ലീഗടിസ്ഥാനത്തിലാവും മത്സരങ്ങൾ. ടിക്കറ്റില്ലാതെ സ്പോൺസർഷിപ്പിലൂടെയാണ് ചെലവിനുള്ള തുക കണ്ടെത്തുക.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സെവൻസ് ഫുട്ബാൾ ക്ലബാണ് കാദറലി ക്ലബ്. കഴിഞ്ഞ കോവിഡ് കാലത്തുപോലും സംസ്ഥാനത്ത് ആദ്യം നടന്ന ടൂർണമെന്റ് കാദറലിയുടേതായിരുന്നു. ടൂണമെന്റിന്റെ 50 ാം വാർഷികത്തിൽ പെരിന്തൽമണ്ണയിൽ വിപുലമായ സെവൻസ് മേളക്ക് ഒരുക്കം തുടങ്ങി. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ഫൈനൽ കൊടിയിറങ്ങുന്നതോടെ ഡിസംബർ 19ന് ആരംഭിക്കുന്ന രീതിയിലാണിത് ക്രമീകരിച്ചത്. ദുബൈയിലെ ടൂർണമെന്റിന് പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയായി.