നിലമ്പൂർ: നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ആദ്യമായി പുലർച്ചെ ട്രെയിൻ സർവിസ് ആരംഭിക്കും. നിലവിൽ രാവിലെ ഏഴിന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ എക്സ്പ്രസ് ഇനിമുതൽ പുലർച്ച 5.30ന് പുറപ്പെട്ട് 7.10ന് ഷൊർണൂരിൽ എത്തുന്ന രീതിയിലാണ് സമയക്രമം. ഒക്ടോബർ ഒന്നു മുതലാണ് പുതിയ ട്രെയിൻ (06470) സർവിസ് ആരംഭിക്കുക. ഇതോടെ കോയമ്പത്തൂര്‍, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓഫിസ് സമയത്തിന് എത്താനും തിരുവനന്തപുരത്ത് ഉച്ചയോടെ എത്തുന്ന ജനശതാബ്ദി എക്സ്പ്രസിന് കണക്ഷന് ലഭിക്കാനും കഴിയും. രാവിലെ 11.10ന് ഷൊർണൂരിലേക്കുള്ള അൺ റിസർവ്ഡ് എക്സ്പ്രസിന്റെ സമയവും ക്രമീകരിച്ച് രാവിലെ ഏഴിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുപ്രകാരം ഒക്ടോബർ ഒന്നു മുതൽ 11.10നുള്ള സർവിസ് ഉണ്ടാവില്ല. പുതിയ സർവിസ് ആരംഭിക്കുന്നതോടെ 5.30ന് നിലമ്പൂരിലെത്തിയിരുന്ന കൊച്ചുവേളി -നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് രാവിലെ 6.05നാകും എത്തുക. നിലമ്പൂർ -ഷൊർണൂർ റൂട്ടിലുള്ള യാത്രക്കാർക്ക് രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദിയുമായി ബന്ധപ്പെടുത്തുന്ന രീതിയിൽ ട്രെയിൻ ഇല്ലെന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.
നിലമ്പൂർ -ഷൊർണൂർ പാതയിൽ ഒക്ടോബർ
ഒന്നുമുതലുള്ള പുതുക്കിയ സമയക്രമം
(നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന സമയം)
നിലമ്പൂർ -ഷൊർണൂർ -5.30
നിലമ്പൂർ -ഷൊർണൂർ -7.00
നിലമ്പൂർ -ഷൊർണൂർ (തൃശൂര്‍) -10.10
നിലമ്പൂർ -കോട്ടയം -15.10
നിലമ്പൂർ -പാലക്കാട് -16.10
നിലമ്പൂർ -ഷൊർണൂർ (തൃശൂര്‍) -20.00
നിലമ്പൂർ -കൊച്ചുവേളി -21.30