മഞ്ചേരി: 14കാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിനെ മഞ്ചേരി പോക്സോ അതിവേഗ കോടതി ജീവിതാന്ത്യംവരെ തടവിനും 6,60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മദ്റസാധ്യാപകനും പ്രവാസിയുമായ 48കാരെനയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തിയതായിരുന്നു പ്രതി. ലോക്ഡൗണിനെത്തുടര്‍ന്ന് വീട്ടിലിരുന്നു പഠിക്കുകയായിരുന്ന കുട്ടിയെ കിടപ്പുമുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നന്നാണ് കേസ്. 2021 മാർച്ചിലാണ് സംഭവം. പലതവണ പീഡിപ്പിെച്ചന്നാണ് പരാതി. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ബഷീറാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 25 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. പ്രതി പിഴയടക്കുന്നപക്ഷം അതിജീവിതക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്കി.