കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി

Spread the love

തിരൂരങ്ങാടി: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽവീണ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഇന്ന് രാവിലെ 6.30 ഓടെ കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

ഞായറാഴ്ച വൈകിട്ട് വൈകുന്നേരം 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്‍റെ പാലത്തിൽ വെച്ചായിരുന്നു അപകടം. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു വീണു.

പൊലീസും നാട്ടുകാരും അഗ്നിശമന സേനയും സന്നദ്ധ സംഘടനാംഗങ്ങളുമെല്ലാം തിരച്ചിലിനെത്തി. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പിന്നീട് എത്തി.

ഹാശിറിന്‍റെ പിതാവ്: മുഹമ്മദ്‌ കോയ. മാതാവ്: ശരീഫ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആശിഫ, അഫീദ.

Leave a Reply

Your email address will not be published. Required fields are marked *