പൊന്നാനി: പതിറ്റാണ്ടുകളായി ഭാരതപ്പുഴയുടെ പുറമ്പോക്കിൽ താമസിക്കുന്ന പൊന്നാനി നഗരസഭ പരിധിയിലെ 126 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പ്രദേശം പരിസ്ഥിതി ലോലമാണോ എന്ന കാര്യം പരിശോധിക്കുകയും പുഴ കരകവിയുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും ഭാഗമായി ഹൈഡ്രോളജിക്കൽ സംഘം പ്രദേശം സന്ദർശിച്ചു. ജില്ല ദുരന്ത നിവാരണ സമിതിയുടെ ഭാഗമായി കലക്ടറുടെ നിർദേശ പ്രകാരമായിരുന്നു സന്ദർശനം.
നേരത്തെ പുഴയുടെ പുറമ്പോക്കായിരുന്ന സ്ഥലത്ത് റോഡ് നിർമിച്ചതോടെ പ്രളയ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതേസമയം, ഇതേ സ്ഥലത്ത് ഇറിഗേഷൻ വകുപ്പിന് കീഴിലുണ്ടായിരുന്ന പത്ത് ഏക്കറിൽ ഒരേക്കർ സ്ഥലത്ത് സിവിൽ സർവിസ് അക്കാദമി ഉൾപ്പെടെ നിർമിക്കുകയും ചെയ്തു.
കൂടാതെ നഗരസഭയുടെ നേതൃത്വത്തിൽ റോഡരികിലായി ചിൽഡ്രൺസ് പാർക്ക് ഉൾപ്പെടെ നിർമിക്കുകയും ചെയ്തു. പുതിയ റോഡ് നിർമിക്കുകയും റോഡിന്റെ മറുകരയിൽ സ്ഥിതി ചെയ്യുന്ന വീടുകൾക്ക് പട്ടയം നൽകുന്നതിലെ സാങ്കേതിക തടസ്സം എന്താണെന്നുമാണ് നിവാസികളുടെ ചോദ്യം. പട്ടയം ലഭിച്ചാൽ കാലങ്ങളായി ഇവിടെ കഴിയുന്ന കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാകും.