പട്ടിക്കാട്: പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ തച്ചിങ്ങനാടം ബാങ്ക്പടിയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ഒരാഴ്ചക്കിടെ നാല് വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്.
സംസ്ഥാന പാതയില്‍നിന്ന് ചെമ്മന്തട്ട റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് അപകടങ്ങള്‍ പതിവാകുന്നത്. തച്ചിങ്ങനാടം ഹൈസ്കൂള്‍പടി മുതല്‍ ബാങ്ക് പടി വരെ സംസ്ഥാന പാത വലിയ വളവുകളില്ലാത്തതിനാല്‍ അമിത വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ചെമ്മന്തട്ട റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും, അവിടെ നിന്നും സംസ്ഥാന പാതയിലേക്ക് ഇറങ്ങി വരുന്ന വാഹനങ്ങളും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. ചെമ്മന്തട്ട റോഡ് സംസ്ഥാന പാതായിലേക്ക് പ്രവേശിക്കുന്നിടത്ത് കുത്തനെ ഇറക്കാമായതും അപകടത്തിന് ആക്കംകൂട്ടുന്നു. സംസ്ഥാന പാതക്ക് വേണ്ടത്ര വീതിയില്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്കൂട്ടറിന് പിറകില്‍ ബൈക്കിടിച്ച് അപകടമുണ്ടായി. ഇത്തരത്തിലുള്ള അപകടങ്ങള്‍ മൂലം രണ്ട് പേരുടെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. രാപകല്‍ ഭേദമന്യേ ഒട്ടേറെ വാഹനങ്ങളാണ് ഇതിലെ കടന്ന് പോകുന്നത്. ഒട്ടേറെ സ്കൂള്‍ വിദ്യാര്‍ഥികള്‍ കാല് നടയായി കടന്നുപോകുന്നതും ഇതു വഴിയാണ്. ജങ്ഷന് സൂചിപ്പിക്കുന്ന ബോര്‍ഡും സംസ്ഥാന പാതയില്‍ രണ്ടിടങ്ങളിലായി വേഗത നിയന്ത്രണ സംവിധാനങ്ങളും ഒരുക്കിയാല്‍ ഇതിന് പരിഹാരമാകും. അപകടങ്ങള്‍ കുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും രാത്രി കാല അപകടങ്ങള്‍ ഒഴിവാക്കാന്‍ വിളക്കുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.