തിരുനാവായ: എടക്കുളം ലീഗ് ഭവനു താഴെ പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിലേക്ക് നിയന്ത്രണം വിട്ട മണൽ ലോറി ഇടിച്ചു കയറി കട പാടെ തകർന്നു. സംഭവം ബുധനാഴ്ച പുലർച്ചെ രണ്ടോടെയായതിനാൽ വൻ ദുരന്തം ഒഴിവായി. തിരുനാവായയിൽനിന്ന് മണൽ കയറ്റി പുത്തനത്താണി റോഡിലൂടെ പോകുന്നതിനിടെ പൊലീസ് സംഘത്തെ കണ്ടതോടെ ഡ്രൈവർ ഇറങ്ങിയോടിയതോടെയാണ് ലോറിയുരുണ്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്.
ഡ്രൈവർ ബീരാഞ്ചിറ ചെറിയ പറപ്പൂർ സ്വദേശി ആലുക്കൽ ശറഫുദ്ദീനെ തിരൂർ എസ്.ഐ ആർ.പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടി മടങ്ങുകയായിരുന്നു. സീനിയർ സിവിൽ ഓഫിസർ കെ.ആർ. രാജേഷ്, സിവിൽ ഓഫിസർമാരായ സുജിത്ത്, സതീഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.