താനൂർ: നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴിയടക്കാനുള്ള റെയിൽവേയുടെ ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. താനൂർ റെയിൽവേ സ്റ്റേഷനും തെയ്യാല റോഡ് റെയിൽവേ ഗേറ്റിനുമിടയിലുള്ള വഴിയാണ് തിങ്കളാഴ്ച രാവിലെ പൂർണമായും അടച്ചുകെട്ടാനുള്ള ശ്രമമുണ്ടായത്.
ഇരുഭാഗത്തും റോഡുള്ളതിനാൽ താനൂർ തെയ്യാല റോഡ് ബൈപാസ് വഴി താനൂർ നഗരത്തിലേക്കും കാട്ടിലങ്ങാടിയിലേക്കും ധാരാളമാളുകൾ ഉപയോഗപ്പെടുത്തുന്ന വഴിയുടെ കിഴക്കുഭാഗം അടച്ചുകെട്ടി പടിഞ്ഞാറെ ഭാഗം കൂടി അടക്കാനുള്ള നീക്കം തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി കെ. സലാമും ഡിവിഷൻ കൗൺസിലറും വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ സി.കെ.എം. ബഷീറും വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റ് പ്രസിഡൻറ് എൻ.എൻ. മുസ്തഫ കമാലുമുൾപ്പെടെയുള്ളവർ പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് തിരൂരിൽനിന്നുള്ള ആർ.പി.എഫ് ഉദ്യോഗസ്ഥരും താനൂർ എസ്.എച്ച്.ഒ ടോണി ജെ. മറ്റവും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. താനൂർ റെയിൽവേ മേൽപാലം പ്രവൃത്തി പൂർത്തിയാകുന്നതുവരെ വഴി അടച്ചുകെട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാരും ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജനങ്ങൾ അനധികൃതമായി റെയിൽവേ പാളം മുറിച്ചുകടക്കുന്നത് തടയാനുള്ള റെയിൽവേ ഉന്നതതല തീരുമാനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തിയായതിനാൽ നിർത്തി വെക്കാനാകില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥരും നിലപാടെടുത്തു. ഇതോടെ താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിക്കുകയും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മേൽപാലം പ്രവൃത്തി പൂർത്തിയാകുന്നതുവരെ വഴി തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രവൃത്തി നീട്ടിവെക്കാൻ ധാരണയായത്. പ്രതിഷേധത്തിന് നിസാം താനൂർ, ജലീൽ കള്ളിയത്ത്, യൂനുസ് ലിസ, മനാഫ് എന്നിവർ നേതൃത്വം നൽകി.